ഡോക്ടര്‍ക്ക് വൈറസ് ബാധ; മൂന്നാര്‍ ജനറല്‍ ആശുപത്രി അടച്ചു

മൂന്നാര്‍: ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നാര്‍ ജനറല്‍ ആശുപത്രി അടച്ചു. മുഴുവന്‍ രോഗികളെയും നല്ലതണ്ണിയിലെ ആശുപത്രിയിലേക്ക് മാറ്റി. ‌‌‌‌കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ ചികിത്സ തേടിയ ആളുകളെയും,കൂട്ടുവന്നവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. തിരുവനന്തപുരത്ത് നിന്നെത്തി നിരീക്ഷണത്തില്‍ കഴിയാതിരുന്നതിന് ഡോക്ടര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

അതേസമയം ഇടുക്കി ജില്ലയിൽ നിന്നുള്ള 49 പേർക്ക് ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. ആറുപേർ രോഗമുക്തരായി. എട്ട് പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഇതിൽ ആറുപേര്‍ കരിമ്പന്‍ സ്വദേശികളാണ്. 13 രോഗികളുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ ഏക ക്ലസ്റ്ററായ രാജാക്കാട് ഉറവിടം അറിയാത്ത രോഗികൾ കൂടുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.

കൊറോണ സ്ഥിരീകരിച്ച നാല് ആരോഗ്യപ്രവർത്തകർ രാജാക്കാട് ദേശികളാണ്. രാജാക്കാട് സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ കൊവിഡ് ഫസ്റ്റ്‍ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റർ തുടങ്ങി. ഇവിടെ 55 കിടക്കകൾ സജ്ജീകരിച്ചു. തൊടുപുഴയിൽ 103 കിടക്കകളുള്ള ഫസ്റ്റ്‍ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററും സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക്കൊറോണ സ്ഥിരീകരിച്ചതോടെ മൂന്നാർ ഒരാഴ്ചത്തേക്ക് നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു.