നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടത്ത് അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയതിന്റെ ഞെട്ടലില്‍ നാട്ടുകാര്‍. കഴിഞ്ഞ ദിവസമാണ് ലളിതയെയും അമ്മ മീനാക്ഷിയമ്മയെയും വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എവിടെപ്പോയാലും ഒരുമിച്ചു പോകുന്ന ലളിതയുടെയും മീനാക്ഷിയമ്മയുടെയും മരണം നാട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇവര്‍ ഒരിക്കലും ജീവനൊടുക്കില്ലെന്നാണു നാട്ടുകാരുടെ വാദം. അതിനു മാത്രം പ്രശ്‌നങ്ങളൊന്നും കുടുംബത്തിലില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഒരേക്കര്‍ പുരയിടത്തില്‍ വീടുണ്ട്. ഇതിനടുത്ത് മറ്റൊരു വീട്ടിലാണ് മീനാക്ഷിയമ്മ താമസിച്ചിരുന്നത്.
3 വര്‍ഷം മുന്‍പ് ലളിതയുടെ ഭര്‍ത്താവ് വാമദേവന്‍ മരിച്ചതിനു ശേഷമാണ് മീനാക്ഷിയമ്മ ലളിതയോടൊപ്പം താമസമാക്കിയത്. സമീപവാസിയുടെ വീട്ടില്‍ നിന്നാണ് ലളിത പാല്‍ വാങ്ങിയത്. വ്യാഴാഴ്ച അയല്‍വാസിക്ക് പാലിന്റെ പണം നല്‍കി. മകളുടെ വീടായ കോമ്പയാറില്‍ പോകുകയാണെന്നും ലളിത അയല്‍വാസിയോട് പറഞ്ഞിരുന്നു. ഇതിനു ശേഷം 2 പേരെയും നാട്ടുകാര്‍ കണ്ടിട്ടില്ല.
പ്രദേശത്തു 2 ദിവസമായി മഴയും പെയ്തിരുന്നു. വ്യാഴാഴ്ച വരെ പ്രദേശത്തെ തോട്ടത്തില്‍ ലളിത ജോലിക്ക് പോയിരുന്നു. ജോലി സ്ഥലത്ത് ലളിത സന്തോഷവതിയായിരുന്നെന്നാണു സഹപ്രവര്‍ത്തകര്‍ പറയുന്നത്.
അലക്കി വിരിച്ചിട്ട തുണികളും ലളിതയുടെ കയ്യുറകളും വീടിനു പിറകിലെ ഷെഡിനുള്ളിലുണ്ട്. ലളിത തോട്ടത്തില്‍ ജോലിക്കു പോകുമ്പോള്‍ ഉപയോഗിക്കുന്നതാണ് കയ്യുറകള്‍. ഏതാനും തുണികള്‍ ഉണങ്ങിയ നിലയിലാണ്. കയ്യുറകള്‍ ഉണങ്ങിയിട്ടില്ല. അടുക്കള വാതിലിന്റെ മുന്നിലിടുന്ന ഒരു ചവിട്ടിയും പൂര്‍ണമായും ഉണങ്ങാത്ത നിലയിലാണ്.
മീനാക്ഷിയമ്മയുടെ കഴുത്തിലുള്ള കയറിന്റെ കെട്ട് അറുത്തു മാറ്റിയ നിലയിലാണ്. ഈ മുറിയില്‍ത്തന്നെയാണ് ലളിതയും തൂങ്ങി മരിച്ചിരിക്കുന്നത്. മറിഞ്ഞ നിലയില്‍ ഈ മുറിക്കുള്ളില്‍ ഒരു കസേരയുമുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്.