തിരുവനന്തപുരം: സമ്പർക്ക രോഗികളും ചിലയിടങ്ങളിൽ സമൂഹവ്യാപനവും തുടങ്ങിയതോടെ കൊറോണ പ്രതിരോധം കുടുതൽ കാര്യക്ഷമവും ഫലപ്രദവുമായില്ലെങ്കിൽ വിദഗ്ധരുടെ പ്രവചനം യാഥാർഥ്യമാകുമോ എന്ന ആശങ്ക പടരുന്നു. ജനങ്ങളുടെ രക്ഷിക്കാൻ ശക്തമായ നടപടികളാണ് ഇനി വേണ്ടത്. പ്രതിരോധ നടപടികളിൽ കേരളത്തിന്റെ മുന്നേറ്റമെങ്ങനെ? ഇതുവരെ സംസ്ഥാനത്ത് എത്ര പേർക്ക് രോഗം ബാധിച്ചു, എത്ര പേർക്കു ഭേദമായി? എത്ര പേർ നിരീക്ഷണത്തിലുണ്ട്? ഇതുവരെ എത്ര സാംപിളുകൾ പരിശോധിച്ചു?
കൊറോണ പ്രതിരോധത്തില്‍ ആദ്യ ഘട്ടത്തില്‍ വൻ പ്രചാരണങ്ങളിലൂടെ ലോകമെങ്ങും നേടിയ മേൽക്കൈയിൽ നിന്ന് സർക്കാർ യാഥാർഥ്യത്തിലേക്ക് കടക്കേണ്ട സമയം കഴിഞ്ഞു. ദിവസേന പുറത്ത് വരുന്ന കണക്കുകളെ സംബന്ധിച്ചും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരന്നുണ്ട്.
ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ കൊറോണ വ്യാപനം ഏറ്റവും രൂക്ഷമാകുമെന്ന പ്രവചനം ശരിവച്ച് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍, മുന്നൊരുക്കങ്ങളിലെ പാളിച്ചകള്‍ കൂടിയാണ് പുറത്തുവരുന്നത്.
കഴിഞ്ഞ അഞ്ച് ദിവസവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കൊറോണ കേസുകളുടെ അറുപത് ശതമാനത്തിലധികവും സമ്പർക്ക രോഗികൾ. പത്ത് ശതമാനത്തിലേക്ക് ഒതുക്കാൻ ആരോഗ്യ വകുപ്പ് തീവ്രശ്രമം നടത്തിയ സമ്പർക്ക വ്യാപനമാണ് കഴിഞ്ഞ ദിവസങ്ങളിൽ 60 ശതമാനവും കടന്ന് കുതിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച മാത്രം 4709 കൊറോണ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
സമ്പർക്ക വ്യാപനം 60 ശതമാനത്തിലേക്ക്
ജൂലൈ 11ന് -47.9%
ജൂലൈ 12ന് – 47.3 %
ജൂലൈ 13ന് – 32%
ജൂലൈ 14ന് – 65%
ജൂലൈ 15ന് – 69.3%
ജൂലൈ 16ന് -66.6%
ജൂലൈ 17ന് – 67.2%
ജൂലൈ 18ന് – 61.3%
ഒരാഴ്ചയിലെ കണക്കുകൾ
ആകെ രോഗികൾ- 4709
സമ്പർക്ക ശതമാനം -59.28
മുപ്പത് ശതമാനത്തിനറപ്പുറം അപകടം പതിയിരിക്കുകയാണ്.
ജൂലൈ പത്തിന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ കേസുകളിൽ സമ്പർക്ക രോഗികൾ 49 ശതമാനമായിരുന്നു. അതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ സമ്പർക്കം വഴി രോഗം വന്നവരുടെ ശതമാനം അന്ന് 20.64 ലേക്ക് ഉയർന്നു. ജൂലൈ 11ന് രോഗം സ്ഥിരീകരിച്ച 488 ൽ 234 പേർക്കായിരുന്നു സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 47.9 ശതമാനം. ജൂലൈ 12ന് ഇത് 47.3 ശതമാനം. 435ൽ 206 പേർക്ക് അന്ന് സമ്പർക്കത്തിലൂടെ രോഗം വന്നു. 13ന് ഇത് 32 ശതമാനമായി. രോഗികളുടെ എണ്ണം 600ലേക്ക് കുതിച്ചുയർന്ന 14ന് 65 % സമ്പർക്ക രോഗികളായിരുന്നു. 15ന് ഇത് 69.3 ശതമാനമായി. 722 പേർക്ക് രോഗം പിടിപ്പെട്ട 16 ന് സമ്പർക്ക ശതമാനം 66.6 ശതമാനമായിരുന്നു സമ്പർക്ക രോഗികൾ. ഏറ്റവും അധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ട 17ന് 791ൽ 532 പേർക്കും സമ്പർക്കത്തിലൂടെ രോഗം.( 67.2 ശതമാനം). ഇന്നലെ രോഗം പിടിപ്പെട്ട 593 പേരിൽ 364 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് പിടിപ്പെട്ടത്. (61.3 ശതമാനം).
ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 4704 രോഗികളിൽ 2789 ഉം സമ്പർക്ക രോഗികളാണ്. അതായത് 59.28 ശതമാനം. സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 11659 കേസുകളുടെ 36.22 ശതമാനമാണ് സമ്പർക്ക രോഗികൾ. മുപ്പത് ശതമാനത്തിലേക്ക് സമ്പർക്ക രോഗികളുടെ എണ്ണം ഉയരുന്നത് അപകടമാണെന്ന് നേരത്തെ തന്നെ ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലെ കണക്കാകട്ടെ പ്രതീക്ഷിച്ചതിലും വളരെ കൂടുതലും. തീരദേശങ്ങളിലെ ചെറുതും വലുതുമായ ക്ലസ്റ്ററുകളാണ് ശതമാന കണക്കുകളിലെ പ്രകടമായ മാറ്റങ്ങൾക്ക് കാരണം. സമൂഹവ്യാപനം സ്ഥിരീകരിച്ച പൂന്തുറയിലും പുല്ലുവിളയിലും പരിശോധന നടക്കുന്ന രണ്ടിൽ ഒരാൾക്ക് വരെ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണ്. ഇവിടങ്ങളിൽ ലോക്ക് ഡൗൺ രണ്ടാഴ്ചയാകുമ്പോഴും രോഗവ്യാപനത്തിന് ശമനമില്ലെന്നത് ആശങ്കയേറ്റുന്നു.
കേരളത്തിലെ കൊറോണ വ്യാപനം സംബന്ധിച്ച യുഎസിലെ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സ്റ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ. കേരളത്തില്‍ 80 ലക്ഷം പേര്‍ക്ക് വരെ കൊറോണ ബാധിക്കാം എന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് നിഷേധിച്ച സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പക്ഷേ, മുഖ്യമന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ അപകട സാധ്യത അക്കമിട്ട് നിരത്തി. രോഗികളുടെ എണ്ണം ലക്ഷങ്ങളിലേക്ക് കടന്നേക്കാമെന്നായിരുന്നു മുന്നറിയിപ്പ്. കൊറോണ രോഗികളുടെ വിവരങ്ങള്‍ സ്പ്രിംഗ്ളര്‍ കന്പനിയെ ഏല്‍പ്പിച്ചതിനു കാരണമായി സര്‍ക്കാര്‍ അവതരിപ്പിച്ചതും ഇതേ കണക്കുകളായിരുന്നു.
സംസ്ഥാനത്തെ നാലിലൊന്ന് ജനസംഖ്യയെയും കൊറോണ പിടികൂടിയേക്കാം എന്ന് കണക്കുകള്‍ അടിസ്ഥാനമാക്കിയുളള ഒരുക്കങ്ങളാണ് മാസങ്ങളായി നടന്നുവന്നത്. ഒരു ലക്ഷത്തോളം പേര്‍ക്ക് കിടത്തിച്ചികില്‍സ നല്കാന് റെഡിയെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനവും ഇതേ ഘട്ടത്തില്‍ വന്നു. എന്നാല്‍ യഥാര്‍ത്ഥ വെല്ലുവിളി മുന്നില്‍ വന്നപ്പോള്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ താല്‍ക്കാലിക ചികില്‍സാ കേന്ദ്രങ്ങളൊരുക്കാനുളള നെട്ടോട്ടത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരും തദ്ദേശഭരണ സ്ഥാപനങ്ങളും.
പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് വിദഗ്ധര്‍ ആദ്യം മുതലേ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രവാസികളിലായിരുന്നു ഏറെയും കേന്ദ്രീകരിച്ചത്. ഇതിനിടെ സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നത് കണ്ടില്ല. ലക്ഷണമില്ലാത്തവരെയും പരിശോധിക്കണമെന്ന ഐസിഎംആര്‍ നിര്‍ദേശവും നടപ്പായില്ല.
സ്വകാര്യ ആശുപത്രികളെ കൊറോണ പ്രതിരോധവുമായി ബന്ധിപ്പിക്കുന്നതില്‍ പ്രശ്നങ്ങള്‍ ബാക്കിയാണ്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാണ് താഴെ തട്ടില്‍ കൊറോണ പ്രതിരോധത്തിനായി ഇപ്പോള്‍ അവതരിപ്പിക്കുന്നതെങ്കിലും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും എണ്ണം പ്രശ്നമാണ്.
ഏറ്റവുമടുത്ത ആരോഗ്യ കേന്ദ്രങ്ങളുമായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളെ ബന്ധിപ്പിക്കാനാണ് തീരുമാനമെങ്കിലും രോഗപ്പകര്‍ച്ചയുടെ വേഗത്തിനൊപ്പം ഇവ സജ്ജമാകുമോയെന്ന ചോദ്യം ബാക്കി. ചുരുക്കത്തില്‍ രോഗവ്യാപനം മറ്റ് സംസ്ഥാനങ്ങളുടെ മാതൃകയില്‍ നീങ്ങുമ്പോള്‍ ഇതേ പ്രതിസന്ധികളാണ് കേരളത്തിനു മുന്നിലുമുള്ളത്.