ചികിത്സാ സഹായം ലഭിച്ച പണത്തിൻ്റെ വിഹിതത്തിന് ഭീഷണി; നാലു പേര്‍ക്കെതിരേ കേസ്; പണം ഇടപാടുകൾ അന്വേഷിക്കും

തിരുവനന്തപുരം: അമ്മയുടെ ശസ്ത്രക്രിയയ്ക്ക് ചികിത്സാ സഹായമായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പെൺകുട്ടി വർഷയുടെ പരാതിയിൽ ആരോപണം ഉയർന്നിരിക്കുന്ന എല്ലാവരുടെയും പണമിടപാടുകൾ പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ. ഫിറോസ് കുന്നംപറമ്പിലിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സാജന്‍ കേച്ചേരി, ഇവരുടെ സഹായികള്‍ ആയ സലാം, ഷാഹിദ് എന്നീ നാലു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വർഷയെ സാമൂഹ്യ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയതിനും കേസിൽ പ്രതിസ്ഥാനത്തുള്ളവർക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.

ജൂണ്‍ 24-നാണ് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫെയ്സ്ബുക്കില്‍ ലൈവില്‍ എത്തുന്നത്. വര്‍ഷയ്ക്ക് സഹായവുമായി സാജന്‍ കേച്ചേരി എത്തി. വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് വര്‍ഷയോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതിന് പെണ്‍കുട്ടി സമ്മതിച്ചില്ല. ഇതോടെ നിരന്തരം ഭീഷണി മുഴക്കുകയും പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുകയും ചെയ്യുകയായിരുന്നു.

വർഷയുടെ അക്കൗണ്ടിലേക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് പണം വന്നിരിക്കുന്നത്. മുഴുവൻ തുകയും ബാങ്ക് അക്കൗണ്ട് വഴിയാണ്. അതിനാൽ തന്നെ ഹവാല ഇടപാട് സംശയിക്കുന്നില്ലെന്നും സാഖറെ പറഞ്ഞു.

അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണത്തിനു വേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെ സഹായ അഭ്യര്‍ത്ഥന നടത്തിയ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയിലാണ് എറണാകുളം ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തത്.