സിസ്റ്റർ ക്ലെയറിൻ്റെ മൃതദേഹം ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന പോപ്പുലർ ഫ്രണ്ട് സംസ്കരിച്ചതിൽ പ്രതിഷേധം

കൊച്ചി: ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊറോണ ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയര്‍ എസ്ഡിയുടെ മൃതദേഹം സംസ്കരിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു. സംസ്കാര ശേഷം പിപിഇ കിറ്റ് ധരിക്കാതെ പോപ്പുലര്‍ ഫ്രണ്ടുകാരുടെ ടീ ഷര്‍ട്ട് ധരിച്ച് നിന്നുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വന്നതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടെന്ന് എസ് ഡി സിസ്റ്റേഴ്സ് തിരിച്ചറിഞ്ഞത്. സംസ്ക്കാരം നടത്താൻ ആരുമില്ലാതെ വന്നപ്പോൾ ആ ദൗത്യം തങ്ങൾ ഏറ്റെടുത്തെന്ന പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ പോപ്പുലർ ഫ്രണ്ട് അനുഭാവികൾ ഉയർത്തിയത്. എന്നാൽ ഇത്തരത്തിലൊരു ദൗത്യം ആരും പോപ്പുലർ ഫ്രണ്ടുകാരെ ഏൽപ്പിക്കാതിരുന്നിട്ടും എന്തിനാണ് ഇങ്ങനെയൊരു നീക്കം നടത്തിയതെന്നത് ഏറെ ദുരൂഹമാണ്. സംഭവത്തിനെതിരേ എങ്ങും പ്രതിഷേധം ശക്തമായിട്ടുണ്ട്.

ഈ നീക്കത്തിനു പിന്നിൽ ചിലരുടെ നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്ന അഭ്യൂഹം ശക്തമായി കഴിഞ്ഞു. ഇത് ക്രിസ്തീയ സഭാവിശ്വാസികളെ ചൊടിപ്പിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ഒരു വിഭാഗം സംസ്ക്കാരം നടത്തിയത് കൊറോണ പ്രോട്ടോക്കോള്‍ ലംഘനമാണെന്നും നടപടി വന്യമാണെന്നും അതിന് ആരാണ് അനുവദിച്ചതെന്നത് ഏറെ പ്രസക്തവുമാണെന്നും ഫാ. കുര്യാക്കോസ് മുണ്ടാടന്‍ ഫെയ്സ് ബുക്കിൽ കുറിച്ചു.

വാളണ്ടിയേഴ്സ് പോപ്പുലര്‍ ഫ്രണ്ടുകാരാണ് എന്നത് സിസ്റ്റേഴ്സിന് അത് വാര്‍ത്തയായി വന്നപ്പോള്‍ മാത്രമാണ് മനസ്സിലായത്. അവര്‍ ഏതു മതഗ്രൂപ്പില്‍പ്പെട്ടവരായാലും ആ സിസ്റ്റേഴ്സിന്‍റെ അപ്പോഴത്തെ അവസ്ഥയില്‍ അവര്‍ ചെയ്ത കാര്യം അഭിനന്ദനീയം. പക്ഷേ അത് പിന്നീട് വീഡിയോ പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത് വന്യമാണെന്നാണ് ഫെയ്സ് ബുക്ക് പോസ്റ്റ്.

ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

എറണാകുളം അതിരൂപതയില്‍ രാജഗിരി ശ്രീമുലനഗരം ഇടവകയിലെ വടക്കുംഞ്ചേരി കുടുംബാംഗവും എസ്.ഡി സിസ്റ്റേഴ്സിന്‍റെ എറണാകുളം പ്രോവിന്‍സിലെ കുഴുപ്പിള്ളി മാഠാംഗവുമായിരുന്നു സി. ക്ലെയര്‍. 73 വയസ്സുണ്ടായിരുന്ന സിസ്റ്റര്‍ ക്ലെയര്‍ ഒരു ഡയബെറ്റിക് രോഗിയായിരുന്നു. കുഴുപ്പിള്ളി മഠത്തില്‍ നിന്നും ഈ നാളുകളില്‍ സി. ക്ലെയര്‍ അധികം പുറത്തിറങ്ങിയിട്ടില്ലെങ്കിലും സിസ്റ്ററുടെ മരണവുമായി ബന്ധപ്പെട്ട കോവിഡ് ടെസ്റ്റ് പോസിറ്റിവായിരുന്നു. ജൂലൈ 15-ാം തീയതി ഏകദേശം രാവിലെ 11 മണിയോടെയാണ് സി. ക്ലെയറിനെ പനി കലശാലാവുകയും ശ്വാസമുട്ടലും ആരംഭിച്ചതിന്‍റെ ഫലമായി എസ്.ഡി സിസ്റ്റേഴ്സ് തന്നെ നടത്തുന്ന പഴങ്ങനാട് സമാരിറ്റന്‍ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തി പരിശോധിച്ചതിന്‍റെ ഫലമായി കൊറോണ വൈറസിന്‍റെ ബാധ സംശയച്ചതിനാല്‍ അന്നു തന്നെ സിസ്റ്ററിന്‍റെ സ്വാബ് പരിശോധനയ്ക്ക് അയച്ചു. പക്ഷേ ആ റിസള്‍ട്ട് വരുന്നതിനു മുൻപേ അന്നു വൈകീട്ട് 9 മണിയോടെ ഹൃദയസ്തംഭനം ഉണ്ടായി സി. ക്ലെയര്‍ അന്ത്യശ്വാസം വലിച്ചു.
ഉടന്‍ തന്നെ എസ്.ഡി പ്രോവിന്‍ഷ്യലും ടീമും സിസ്റ്ററിന്‍റെ സംസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യാപൃതരായി. പക്ഷെ അവരെ മുള്‍മുനയില്‍ നിറുത്തിയത് കൊവിഡ് ടെസ്റ്റിന്‍റെ ഫലം ലഭിക്കാനുള്ള കാലതാമസമായിരുന്നു. ഇതിനിടയില്‍ സി.ക്ലെയര്‍ മരിച്ച കാര്യം പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ പതിവുപോലെ അതിരൂപതാ ആര്‍ച്ചുബിഷപ് കരിയിലിനെയും എസ്.ഡി സൂപ്പീരയര്‍ ജനറല്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനെയും അറിയിച്ചു. വീട്ടുകാരെയും മറ്റും പതിവുപോലെ അറിയിച്ചു. അടുത്തുള്ള ഇടവകകളിലെയും ബന്ധുക്കാരായ വൈദികരെയും അറിയിച്ചു. അപ്പോഴൊക്കെ കൊവിഡ് ടെസ്റ്റിന്‍റെ ഫലം വന്നിട്ടില്ലായിരുന്നു. ജൂലൈ 16 ന് ഉച്ചയ്ക്ക് ഏകദേശം 11 മണിക്കാണ് സി.ക്ലെയറിന്‍റെ കോവിഡ് ടെസ്റ്റ് പോസിറ്റിവാണെന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്. ഈ സാഹചര്യത്തില്‍ സിസ്റ്റേഴ്സ് പ്രവര്‍ത്തിച്ചത് ആ പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശമനുസരിച്ചാണ്. കളക്ടറെയും മറ്റും വിളിച്ച് സിസ്റ്റേഴ്സ് കാര്യങ്ങള്‍ പറഞ്ഞു. ഇവിടെ വ്യക്തമാകാതിരുന്ന കാര്യം പി.പി.ഇ കിറ്റ് ഉപയോഗിച്ച് 6 പേര്‍ക്ക് ശവസംസ്ക്കാരത്തിന് സഹായിക്കാം എന്നു പറയുമ്പോഴും ഈ കിറ്റ് ഉപയോഗിക്കുന്നവരും 14 ദിവസത്തെ ക്വാറന്‍റൈന് വിധേയരാകണം എന്ന ധാരണയായിരുന്നു. ഇത് അവര്‍ക്ക് ലഭിച്ചത് ആരോഗ്യപ്രവര്‍ത്തകരുടെ പക്കല്‍ നിന്നാണെന്നു കരുതുന്നു. മാത്രവുമല്ല കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയെ അടക്കുന്നതിനുള്ള നിബന്ധനകളും ആരോഗ്യപ്രവര്‍ത്തകര്‍ സിസ്റ്റേഴ്സിനു നല്കി. പത്തടി ആഴത്തില്‍ കുഴിയെടുക്കണം, സംസ്കാരത്തിനുമുമ്പ് ബോഡി അണുവിമുക്തമാക്കണം, 25 കിലോ കുമ്മായം കുഴിയിലിടണം തുടങ്ങിയ നിയമങ്ങളാണത്.


സിസ്റ്റേഴ്സിന്‍റെ ആദ്യ പദ്ധതിയനുസരിച്ച് രണ്ടു സിസ്റ്റേഴ്സിനെയും വീട്ടുകാര്‍ 4 പേരെയും ഈ ദൗത്യം എല്പിക്കാമെന്നായിരുന്നു. പക്ഷേ 14 ദിവസത്തെ ക്വാറന്‍റൈന്‍ എന്നു കേട്ടപ്പോള്‍ വീട്ടുകാരും മടിച്ചു. ആകപ്പാടെ സിസ്റ്റേഴ്സ് അങ്കലാപ്പിലായി. അപ്പോഴാണ് മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ ഉപദേശമനുസരിച്ച് സി.ക്ലെയറിന്‍റെ മൃതദേഹം ദഹിപ്പിച്ച് ചാരം കല്ലറയില്‍ അടക്കാമെന്നും അതിനുള്ള മാര്‍ഗ്ഗങ്ങളും ആരാഞ്ഞത്. അതു പറഞ്ഞപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്താമെന്നും അവര്‍ ആംബുലന്‍സ് അയക്കാമെന്നും സിസ്റ്റേഴ്സിനെ അറിയിച്ചത്. അപ്പോഴേക്കും വൈകീട്ട് 5 മണിയായി. ആംബുലന്‍സ് കാണതായപ്പോള്‍ സിസ്റ്റേഴ്സ് അവരെ വീണ്ടും വിളിച്ചു അവസാനം ആംബുലന്‍സ് എത്തി പഴങ്ങനാട് ആശുപത്രിയിലെ രണ്ടു വാര്‍ഡു ബോയ്മാരെ പി.പി.ഇ കിറ്റ് ധരിച്ച് അതുപോലെ രണ്ടു സിസ്റ്റേഴ്സും ആംബുലന്‍സില്‍ പോകാന്‍ റെഡിയായിരുന്നു. അപ്പോഴാണ് ചുണങ്ങും വേലിയില്‍ നിന്നും പഴങ്ങനാട്ടുള്ള സിസ്റ്റേഴ്സിന് ഫോണ്‍ വരുന്നത് എത്രയും വേഗം സി.ക്ലെയറിന്‍റെ മൃതദേഹം സിമിത്തേ രിയിലേക്ക് എത്തിക്കുക അവിടെ ആരോഗ്യപ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുന്നുവെന്ന്. അപ്പോഴാണ് ആംബുലന്‍സിലുണ്ടായിരുന്ന സിസ്റ്റര്‍ മനസ്സിലാക്കുന്നത് ക്രിമേഷനുള്ള സാധ്യതയില്ലായെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ഏതാനും വോളണ്ടിയേഴ്സുമായി ചുണങ്ങുംവേലിയില്‍ കാത്തുനില്‍ക്കുകയാണെന്നും. ആ വളണ്ടിയേഴ്സ് ഹെല്‍ത്ത് വര്‍ക്കേഴ്സാണെന്ന ധാരണയാണ് സിസ്റ്റേഴ്സിന് ഉണ്ടായിരുന്നത്. പഴങ്ങനാട് ആശുപത്രിയിലെ വാര്‍ഡ് ബോയ്മാരായ രണ്ടുപേരും വാളണ്ടിയേഴ്സ് ( അവര്‍ക്ക് പി.പി.ഇ കിറ്റ് സിസ്റ്റേഴ്സ് വാങ്ങികൊടുത്തു) 4 പേരും കൂടിയാണ് കല്ലറയ്ക്ക് പുറത്തുള്ള ഭൂമിയില്‍ 10 അടിയുള്ള കുഴിയിലേക്ക് സി.ക്ലെയറിന്‍റെ മൃതദേഹം വച്ചത്. പി.പി ഇ കിറ്റ് ധരിച്ച് ആറ് സിസ്റ്റേഴ്സ് സംസ്കാരം നടത്താന്‍ റെഡിയായി അവിടെ ഉണ്ടായിരുന്നു. പക്ഷേ വോളണ്ടി യേഴ്സ് ഹെല്‍ത്ത് വര്‍ക്കേഴ്സാണ് എന്ന ധാരണയാണ് അവിടെയുള്ള കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ സിസ്റ്റേഴ്സിനെ ധരിപ്പിച്ചത്.
ഈ ഹെല്‍ത്ത് വര്‍ക്കേഴ്സിന്‍റെ സന്മനസ്സ് കണ്ട സിസ്റ്റേഴ്സ് അവര്‍ക്കു നല്കാന്‍ പണവും ഉത്തരവാദിത്വപ്പെട്ടവരെ ഏല്പിക്കുകയും ചെയ്തു. ഈ സംസ്കാര സമയത്ത് ആറ് മീറ്റര്‍ അകലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ മാനിച്ച് സിസ്റ്റേഴ്സും പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നുണ്ടായിരുന്നു.

  1. ഈ വാളണ്ടിയേഴ്സ് പോപ്പുലര്‍ ഫ്രണ്ടുകാരാണ് എസ്.ഡി.പിക്കാരാണ് എന്നത് സിസ്റ്റേഴ്സിന് അത് വാര്‍ത്തയായി വന്നപ്പോള്‍ മാത്രമാണ് മനസ്സിലായത്. അവര്‍ ഏതു മതഗ്രൂപ്പില്‍പ്പെട്ടവരായാലും ആ സിസ്റ്റേഴ്സിന്‍റെ അപ്പോഴത്തെ അവസ്ഥയില്‍ അവര്‍ ചെയ്ത കാര്യം അഭിനന്ദനീയം. പക്ഷേ അത് പിന്നീട് വീഡിയോ പിടിക്കുകയും പി.പി.ഇ കിറ്റ് ധരിക്കാതെ പോപ്പുലര്‍ ഫ്രണ്ടുകാരുടെ ടീ ഷര്‍ട്ട് ധരിച്ച് നിന്ന് വീഡിയോ ചെയ്തത് വന്യമാണെന്ന് പറയാതെ വയ്യ. അത് ശരിക്കും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണ്. അതിന് ആരാണ് അനുവദിച്ചത് എന്ന ചോദ്യം ഏറെ പ്രസക്തമാണ്.
  2. നമ്മുടെ സിസ്റ്റേഴ്സിന് ഇത്തരം ഒരു പ്രതിസന്ധിയില്‍ വന്നപ്പോള്‍ അവരെ കൃത്യമായി സഹായിക്കാന്‍ സാധിക്കാതെ പോയത് നമ്മുടെ എല്ലാവരുടെയും കുറ്റമാണ്. എത്രയും വേഗം അതിനുള്ള സംവിധാനം അതിരൂപതയില്‍ ഉണ്ടാകണം. ഉത്തരവാദിത്വപ്പെട്ടവരുടെ അനാസ്ഥമൂലം ഇങ്ങനെ ഇനി സംഭവിക്കാന്‍ പാടില്ല.
  3. കെസിവൈഎം പോലുള്ള നമ്മുടെ സംഘടനകള്‍ ഇത്തരം വോളണ്ടിയര്‍ ഗ്രൂപ്പുകള്‍ എത്രയും വേഗം ഉണ്ടാക്കണം.
  4. കോവിഡ് സുപ്പര്‍ സ്പ്രെഡിലായിരിക്കുന്ന ഈ സമയത്ത് ഇടവക തോറും ഒരു ദ്രുതകര്‍മ സേന ഉണ്ടാകുന്നത് ഏറെ ഉചിതമായിരിക്കും.

(എസ്.ഡി സിസ്റ്റേഴ്സിന്‍റെ ഉത്തരവാദിത്വപ്പെട്ടവരോട് സംസാരിച്ചതിന്‍റെ വെളിച്ചത്തിലാണ് ഇത്രയും കുറിച്ചത്)

പ്രാര്‍ത്ഥനയോടെ
ഫാ. കുര്യാക്കോസ് മുണ്ടാടന്‍