സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം; മരിച്ചത് ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി

തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി ഷിജു (42)വാണ് മരിച്ചത്. ശ്വാസ തടസത്തെ തുടർന്നാണ് ഷിജുവിനെ തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ ട്രൂ നാറ്റ് പരിശോധനയിലും പി സി ആർ പരിശോധനയിലും കൊറോണ പൊസിറ്റീവ് ആണെന്നാണ് മനസിലായത്.

എന്നാൽ ഷിജുവിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. കൊറോണ രോഗികളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ളതായി വ്യക്തമല്ല. അതുകൊണ്ട് തന്നെ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ഡോക്ടർമാർ ഉൾപ്പെടെ 20 പേർ നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.

ഇരിങ്ങാലക്കുട നഗരസഭാ ശ്മശാനത്തിൽ കൊറോണ പ്രോട്ടോകോൾ അനുസരിച്ചാണ് സംസ്കാരം നിശ്ചയിച്ചിട്ടുള്ളത്. എതിര്‍പ്പുമായി നാട്ടുകാരിൽ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്