സ്വര്‍ണക്കടത്ത് ; കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിനെയും കാണാനില്ല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ, യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ എസ് ആര്‍ ജയഘോഷിനെ കാണാനില്ല. ജയഘോഷിനെ കാണാനില്ല എന്ന് കാണിച്ച് ബന്ധുക്കള്‍ തുമ്പ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

സ്വപ്‌ന സുരേഷിന്റെ ഫോണ്‍ കോള്‍ ലിസ്റ്റില്‍ ജയഘോഷിന്റെ നമ്പറുമുണ്ട്. ജൂലൈ 3,4,5 തീയതികളില്‍ ജയഘോഷിനെ സ്വപ്‌ന പലതവണ വിളിച്ചിരുന്നു. ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്.

സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്മിയ ഇന്ത്യ വിട്ടു. ഞായറാഴ്ച ഡല്‍ഹിയിലേക്കു പോയ അറ്റാഷെ രണ്ടു ദിവസം മുമ്പ് രാജ്യം വിട്ടതായാണ് വിവരം.

യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള കള്ളക്കടത്ത് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്കു നീങ്ങുന്നതിനിടെയാണ് അറ്റാഷെയുടെ മടക്കം. ഇദ്ദേഹത്തെ യുഎഇ തിരികെ വിളിച്ചതാണോയെന്ന കാര്യം വ്യക്തമല്ല. വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതിനു ശേഷമാണോ നീക്കമെന്നും അറിയിവായിട്ടില്ല.

കോണ്‍സുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്ന അറ്റാഷെയുടെ പേരില്‍ വന്ന പാഴ്‌സലില്‍ നിന്നാണ് 30 കിലോ സ്വര്‍ണം പിടിച്ചത്. മുമ്പും സമാനമായ രീതിയില്‍ സ്വര്‍ണം കടത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.