പോക്സോ ഉൾപ്പെടുത്താതെ ഭാഗിക കുറ്റപത്രം; പാലത്തായി പീഡനക്കേസ്; പ്രതി പത്മരാജന് ജാമ്യം

കണ്ണൂർ: കണ്ണൂർ പാലത്തായിയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചു. കേസില്‍ അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യം. കേസിൽ പോക്സോ ഉൾപ്പെടുത്താതെയുള്ള ഭാഗിക കുറ്റപത്രം കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. ലൈംഗിക പീഡനം നടന്നോ എന്നറിയാൻ കൂടുതൽ പരിശോധന ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനെതിരെ നേരത്തെ തന്നെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. തലശേരി പോക്സോ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതിക്കെതിരെ ക്രൈംബ്രാഞ്ച് പോക്സോ വകുപ്പ് ചുമത്തിയിരുന്നില്ല. സംഭവം വിവാദമായതിനെത്തുടർന്ന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുളള കുറ്റങ്ങളാണ് ഇതിലുള്ളത്. കുട്ടിയെ അധ്യാപകൻ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടന്നും എന്നാൽ ലൈംഗിക അതിക്രമം നടന്നോ എന്നത് തുടരന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നുമാണ് ക്രൈംബ്രാഞ്ചിൻ്റെ നിലപാട്. മാത്രവുമല്ല, കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടന്നും കുറ്റപത്രത്തിൽ പറയുന്നു.

നാലാം ക്ലാസുകാരിയെ അധ്യാപകൻ കുനിയിൽ പദ്മരാജൻ സ്കൂളിലെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചെന്ന പരാതി കുടുംബം നൽകിയത് കഴിഞ്ഞ മാർച്ച് പതിനേഴിനാണ്. മജിസ്ട്രേറ്റിന് മുമ്പാകെ കുട്ടി രഹസ്യമൊഴിയും നൽകി. ഒരു മാസത്തിന് ശേഷമാണ് പാനൂർ പൊലീസ് പ്രതിയെ പിടികൂടുന്നത്. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ ഏപ്രിൽ 23 മൂന്നിന് ക്രൈം ബ്രാഞ്ചിന് വിട്ടു. ഐജി ശ്രീജിത്തിനായിരുന്നു മേൽനോട്ട ചുമതല. ക്രൈംബ്രാഞ്ച് സംഘം പാനൂരിലെത്തി വിശദമായ അന്വേഷണം നടത്തിവരികയാണ്.