ഐഐടി ഗവേഷകർ കണ്ടെത്തിയ കൊറോണ പരിശോധനാ കിറ്റ് കൊറോഷുവർ വിപണിയിലേക്ക്

ന്യൂഡെൽഹി: കൊറോണ പരിശോധനക്കായി ഐഐടി ഗവേഷകർ കണ്ടെത്തിയ ടെസ്റ്റ് കിറ്റ് വിൽപനയ്ക്ക് ഒരുങ്ങുന്നു. കൊറോണ വ്യാപന പ്രതിരോധത്തിന് ഈ കിറ്റുകളുടെ കണ്ടുപിടുത്തം വലിയ ഗുണം ചെയ്യുമെന്നുതന്നെയാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. കൊറോണ വൈറസ് പരിശോധന വർധിപ്പിക്കാൻ ഈ ടെസ്റ്റ് കിറ്റുകൾ സഹായകമായേക്കും.

കേന്ദ്ര സർക്കാരിന്റെ തീരുമാനപ്രകാരം 399 രൂപയ്ക്കാണ് കിറ്റ് വിപണിയിൽ ലഭ്യമാകുക. കൊറോഷുവർ (Corosure) എന്നാണ് കിറ്റിന്റെ പേര്. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെയും ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെയും അനുമതി കിറ്റിന് ലഭിച്ചിട്ടുണ്ട്. വിപണിയിലേക്കായി പരിശോധനാ കിറ്റ് ഉത്പാദിപ്പിക്കുന്നത് ന്യൂടെക് മെഡിക്കൽ ഡിവൈസസ് എന്ന കമ്പനിയാണ്.

ഡെൽഹി ഐഐടിയുടെ ലൈസൻസ് നേടിയ ശേഷമായിരിക്കും കമ്പനി ഇതിനുള്ള പ്രവർത്തനങ്ങളാരംഭിക്കുക.
20 ലക്ഷം പരിശോധനാ കിറ്റുകൾ അടുത്ത മാസത്തോടെ ഉത്പാദിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. കിറ്റിന്റെ അടിസ്ഥാന വില 399 രൂപയായിരിക്കുമെന്ന് ഡൽഹി ഐഐടി അധികൃതർ പറഞ്ഞു.

ആർഎൻഎ ഐസൊലേഷനും ലബോറട്ടറി ചാർജും കൂട്ടിയാലും ടെസ്റ്റിന്റെ വില തുച്ഛമായിരിക്കുമെന്നും അവർ വ്യക്തമാക്കി. ഇപ്പോഴുള്ള കിറ്റുകളെ അപേക്ഷിച്ച് ഐഐടിയുടെ കിറ്റിന് കൂടുതൽ സ്വീകാര്യതയുണ്ടാകുമെന്നാണ് വിലയിരുത്തൽ.