ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിക്ക് കൊറോണ ; മേൽശാന്തി നിരീക്ഷണത്തിൽ

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിക്ക് കൊറോണ സ്ഥിരീകരിച്ചു. ജൂൺ 15 മുതൽ അവധിയിലായിരുന്ന കീഴ്ശാന്തിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന മേൽശാന്തിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

വിവാഹത്തോടനുബന്ധിച്ചാണ് ഇദ്ദേഹം ക്ഷേത്ര ജോലിയിൽ നിന്നും അവധി എടുത്തത്. എന്നാൽ അവധിയിൽ കഴിയുന്നതിനിടെ ഇദ്ദേഹം ഒരു ദിവസം മേൽശാന്തിയെ കാണാനെത്തിയിരുന്നു. രോ​ഗം സ്ഥിരീകരിച്ച കീഴ്ശാന്തി ചേ‍ർത്തല സ്വദേശിയാണ്. ജൂൺ 28-നാണ് ഇദ്ദേഹം മേൽശാന്തിയെ വീട്ടിലെത്തി സന്ദ‍ർശിച്ചതെന്നാണ് വിവരം.

ഇദ്ദേഹത്തിൻ്റെ പ്രതിശ്രുതവധു തമിഴ്നാട്ടിൽ വിദ്യാ‍ർത്ഥിയാണ്. വിവാഹത്തിനായി നാട്ടിലെത്തിയ ഈ യുവതിക്കൊപ്പം കീഴ്ശാന്തി കൊറോണ ടെസ്റ്റ് നടത്താനും മറ്റും ആശുപത്രിയിലേക്ക് പോയിരുന്നു. ഫലം വന്നപ്പോൾ പ്രതിശ്രുത വധുവിന് രോ​ഗം സ്ഥിരീകരിച്ചു. ഇതേ തുട‍ർന്നാണ് കീഴ്ശാന്തിയെപരിശോധിച്ചതും രോ​ഗം സ്ഥിരീകരിച്ചതും.

ഏറ്റുമാനൂ‍ർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തി പുറപ്പെടാ ശാന്തിയാണ്. മേൽശാന്തിയുടെ അസാന്നിധ്യത്തിൽ ക്ഷേത്രത്തിൽ എത്തി ക‍‍ർമ്മങ്ങൾ നി‍ർവഹിക്കേണ്ട ചുമതല ഓണം തുരുത്ത് അരവിന്ദവേലി ഇല്ലത്തിലെ മൂത്ത നമ്പൂതിരിക്കാണ്. ഈ ആചാരം അനുസരിച്ച് ഇല്ലത്തെ സുരേഷ് നമ്പൂതിരിയാവും ഇനിയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിലെ മേൽശാന്തിയുടെ ചുമതല വഹിക്കുക.