തിരുവനന്തപുരം: സംസ്ഥാനത്ത് ക്രെഡിറ്റ് കാര്‍ഡ് വെരിഫിക്കേഷന്റെ പേരില്‍ പണം തട്ടിപ്പ് വ്യാപകമാകുന്നു. ക്രെഡിറ്റ് കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്യാനെന്ന പേരില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന യുവതിയുടെ മൊബൈലിലേക്ക് വിളിച്ചു ബാങ്ക് അക്കൗണ്ട് നമ്പരിന്റെ ഏതാനും അക്കങ്ങളും പേരും, മറ്റ് വിവരങ്ങളും പറഞ്ഞ് യുവതിയെ വിശ്വസിപ്പിക്കുകയും തുടര്‍ന്ന് കാര്‍ഡ് നമ്പരും മറ്റും കരസ്ഥമാക്കി അക്കൗണ്ടില്‍ നിന്നും 77,000 രൂപ തട്ടിയെടുക്കുവാനുള്ള ശ്രമമാണ് സൈബര്‍ സെല്ലിന്റെ സമയോചിത ഇടപെടലിലൂടെ തടയനായത്.
തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മക്ക് തട്ടിപ്പുകാരുടെ ചതി മനസിലായത് മൊബൈലില്‍ മെസേജ് വന്നപ്പോഴാണ്. പണം നഷ്ടപ്പെട്ടതായി അറിഞ്ഞ ഉടനെ തന്നെ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടതുകൊണ്ടാണ് വാലറ്റുകളുമായി സൈബര്‍ സെല്ലിന് ബന്ധപ്പെടാനും ഭൂരിഭാഗം പണവും തിരികെപ്പിടിക്കാനും, ബാങ്കുമായി ബന്ധപ്പെട്ട് കാര്‍ഡ് ബ്ലോക്ക് ചെയ്യാനും സൈബര്‍ സെല്ലിന് സാധിച്ചു.
പണം നഷ്ടപ്പെട്ടതായി മെസേജ് വന്നയുടന്‍ അറിയിച്ചാല്‍ മാത്രമേ മിക്കവാറും ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ സാധിക്കയുള്ളൂ. എന്നാല്‍ ഇത്തരം കേസുകളില്‍ വളരെ താമസിച്ചാണ് പണം നഷ്ടപ്പെട്ടവര്‍ ചതി മനസിലാക്കുന്നത്. ബാങ്കിംഗ് സേവനങ്ങള്‍ എന്ന വ്യാജേന കാര്‍ഡ് നമ്പറും ഓടിപി നമ്പറും മനസിലാക്കി തട്ടിപ്പു നടത്തുന്ന ഇത്തരം സംഘങ്ങള്‍ക്കെതിരെ പൊതു ജനങ്ങള്‍ അതീവജാഗ്രത പാലിക്കേണ്ടതാണെന്ന് പൊലീസ് അറിയിച്ചു.