കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേരെ സ്വപ്ന സുരേഷ് നിരന്തരം ഫോണ്‍ വിളിച്ചിരുന്നതായി എന്‍ഐഎയ്ക്ക് തെളിവ് ലഭിച്ചു. വിദേശത്തേയ്ക്കുള്ള വിളികളും കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുന്നതായാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സ്വപ്നയുടെ മൂന്നു മൊബൈല്‍ ഫോണുകള്‍ എന്‍ഐഎ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതില്‍ രണ്ടു നമ്പറുകളുടെ ഒരുമാസത്തെ ഫോണ്‍വിളികളുടെ വിവരങ്ങളും ശേഖരിച്ചു. ഇതോടെയാണ് ഉന്നത ഉദ്യോഗസ്ഥരുമായുള്ള അടുത്ത ബന്ധം സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
അതേ സമയം സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്ന പ്രതി റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാളെ ആലുവ സബ് ജയിലിലേക്ക് മാറ്റും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ് ഉത്തരവ്.
ഇന്ന് രാവിലെയാണ് റമീസിനെ ഈ കോടതിയിൽ ഹാജരാക്കിയത്. റമീസിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ മറ്റന്നാൾ സമർപ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലും സ്വപ്ന സുരേഷിനെ പ്രതിചേർത്തു. എഫ്ഐആർ പ്രകാരം സരിത്താണ് കേസിലെ ഒന്നാംപ്രതി, റമീസ് രണ്ടാം പ്രതിയും സ്വപ്ന മൂന്നാം പ്രതിയുമാണ്. സന്ദീപാണ് നാലാം പ്രതി.
സ്വപ്നയ്ക്കും സന്ദീപിനും എതിരായ കൂടുതൽ തെളിവുകൾ എൻഐഎ സംഘം ഇന്ന് കോടതിയിൽ ഹാജരാക്കും. തെളിവുകൾ സമർപ്പിക്കാൻ ഇന്നലെ കോടതി ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്കായുള്ള എൻഐഎ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി ഈ നിർദ്ദേശം നൽകിയത്. സ്വർണ കള്ളകടത്തിൽ വൻ ഗൂഢാലോചന ഉണ്ടെന്നാണ് എൻഐഎ വാദം.
കേരളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രധാന കണ്ണികളുടെ പട്ടിക എൻഐഎക്ക് കേരള പൊലീസ് കൈമാറി. സംസ്ഥാന ഇന്റലിജൻസ് വിഭാഗം ശേഖരിച്ച വിവരങ്ങളാണ് കൈമാറിയത്. പട്ടികയിൽ 300 ലധികം പേരുകളുണ്ട്.
കേസിൽ സ്വർണം എത്തിക്കാൻ പണം മുടക്കിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ജൂണിൽ രണ്ട് തവണ സ്വർണം കൊണ്ടുവന്നു. സ്വപ്നക്ക് കേരളം വിടാൻ കള്ളക്കടത്ത് കേസിൽ സംശയിക്കുന്ന ഉന്നതരുടെ സഹായം കിട്ടിയെന്നും കസ്റ്റംസ് പറയുന്നു. ജ്വല്ലറി വിതരണ ശൃംഖല കൈകാര്യം ചെയ്യുന്നത് റമീസാണെന്ന് കണ്ടെത്തി. റാക്കറ്റിൽ സന്ദീപിന് മുകളിലുള്ള കണ്ണിയാണ് റമീസ്. ജ്വല്ലറികൾക്ക് സ്വർണം നൽകുന്നത് റമീസ് വഴിയാണ്.
കൊടുവള്ളി മേഖലയിലെ സ്വർണ വിൽപ്പനയുടെ തെളിവ് ലഭിച്ചു. ഇന്നലെ ഉച്ചക്ക് കൊച്ചിയിൽ ചോദ്യം ചെയ്തത് ഫാസിലുമായി അടുത്ത ബന്ധമുള്ള ഒരാളെയാണ്. ഫാസിലിനെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ വേണ്ടി മാത്രമായിരുന്നു ഇയാളെ ചോദ്യം ചെയ്തത്. ഇയാൾക്ക് സ്വർണക്കടത്തുമായി ഒരു ബന്ധവുമില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി.