തിരുവനന്തപുരം: ഉറവിട മറിയാത്ത രോഗികൾ ജില്ലയില്‍ വർധിക്കുന്നത് കൊറോണ വ്യാപനം ശക്തമാകുന്നതിൻ്റെ സൂചനയാണ്. കണ്ടെയിന്‍മെന്‍റ് സോണുകള്‍, ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണുകള്‍, ബഫര്‍ സോണുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമായി തുടരുകയാണ്.
69 പേര്‍ക്കാണ് ശനിയാഴ്ച തിരുവനന്തപുരത്ത് രോഗബാധയുണ്ടായത്. അതില്‍ 46 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. എവിടെനിന്ന് ബാധിച്ചു എന്നറിയാത്ത 11 കേസുകളാണ് ശനിയാഴ്ച സ്ഥിരീകരിച്ചത്.
ജില്ലയിലെ ഒന്‍പത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 45 വാര്‍ഡുകളാണ് ഇതുവരെ കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
കണ്ടെയിന്‍മെന്‍റ് പ്രദേശങ്ങളില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി റവന്യു, പൊലീസ്, ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ക്വിക്ക് റെസ്പോണ്‍സ് ടീം രൂപീകരിച്ചു. സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണിലേക്കുള്ള ചരക്കുവാഹന നീക്കം, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും സംഘം നിരീക്ഷിക്കും. പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംഘത്തിനൊപ്പമുണ്ടാകും.
ഇതുവരെ പൂന്തുറയില്‍ 1366 ആന്‍റിജെന്‍ പരിശോധന നടത്തി. അതില്‍ 262 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിശോധന തുടരുകയാണ്. അവിടെ 150 കിടക്കകളുള്ള ഒരു ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ അടിയന്തര പ്രാധാന്യത്തോടെ സജ്ജമാക്കും. രണ്ട് മൊബൈല്‍ മെഡിസിന്‍ ഡിസ്പെന്‍സറി യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമും ഹെല്‍പ്പ്ഡെസ്ക്കും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നു.
മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളില്‍ രോഗവ്യാപന തോതില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ ഈ വാര്‍ഡുകളിലെ ഒട്ടേറെ കുടുംബത്തിന് അഞ്ചു കിലോ അരി വീതം വിതരണം നടത്തിവരുന്നു. ഈ മൂന്നു വാര്‍ഡുകളിലുമായി ആകെ 8,110 കാര്‍ഡ് ഉടമകളാണുള്ളത്. അവിടെ നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള അധിക സംവിധാനം ഒരുക്കിയിട്ടുണ്ട്.