സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സ്വകാര്യ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കസ്റ്റംസിനു വേണ്ടി അഡ്വ കെ രാംകുമാറാണ് ഹൈക്കോടതിയിൽ ഹാജരാകുന്നത്.

കള്ളക്കടത്ത് ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകണമെന്നാണ് ഹ‍ർജിയിലെ ആവശ്യം. സ്വർണം അടങ്ങിയ നയതന്ത്ര ബാഗ് ലഭിക്കാൻ വൈകുന്നതെന്തെന്ന് അന്വേഷിക്കാൻ അറ്റാഷേ ആവശ്യപ്പെട്ടതനുസരിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതെന്നാണ് സ്വപ്ന പറയുന്നത്.

കേസിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. സ്വർണക്കടത്തിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്നതു സംബന്ധിച്ച വിവരങ്ങൾ ഇയാളിൽ നിന്നും ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്. ഇന്നലെയാണ് സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഈ മാസം 15 വരെ സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടത്. സരിത്തിന്റെ ഫോണിന്റെ കോള്‍ റെക്കോഡ് വിശദാംശങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍നിന്ന് സ്വര്‍ണക്കടത്തില്‍ പങ്കാളികളായവരെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.