സ്വപ്ന സുരക്ഷിത ഒളിവിൽ ; അന്വേഷണം ഊർജിതമാക്കി കസ്റ്റംസ്

കൊച്ചി: സുരക്ഷിത ഒളിവിൽ പോയി നാലു ദിവസം കഴിഞ്ഞിട്ടും സ്വപ്ന സുരേഷിനെ പറ്റി ഒരു വിവരവുമില്ല. എന്നാൽ തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിനായി കസ്റ്റംസ് തിരച്ചിൽ ഊർജ്ജിതമാക്കി. എന്നാൽ സ്വപ്നയെ കണ്ടെത്തുന്ന കാര്യത്തിൽ പോലീസ് നിസ്സഹകരണം തുടരുന്നതായി ആക്ഷേപമുണ്ട്. കേസിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന സന്ദീപ് നായർക്കൊപ്പമാണ് സ്വപ്നയും ഒളിവിൽ കഴിയുന്നതെന്നാണ് കസ്റ്റംസിന്റെ നി​ഗമനം. ഇതിന് ഒരു ട്രേഡ് യൂണിയൻ നേതാവ് ഒത്താശ ചെയ്യുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. സന്ദീപ് നായർക്കും സ്വപ്നയ്ക്കുമായി കേരളത്തിലും തമിഴ്നാട്ടിലും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയായ സന്ദീപ് നായർ കളളക്കടത്ത് റാക്കറ്റിലെ സുപ്രധാന കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തി. സരിത്തിനൊപ്പം സന്ദീപ് നായരും ഇടപാടുകൾക്കായി വിദേശത്ത് പോയിട്ടുണ്ട്. ഇത് വരെ നടന്ന എല്ലാ കടത്തിലും സരിത്തിനൊപ്പം സന്ദീപ് പങ്കാളിയായിരുന്നുവെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം സ്പീക്കർ ശ്രീരാമകൃഷ്ണൻ സന്ദീപിൻ്റെ നെടുമങ്ങാട്ടെ കാർബൺ ഡോക്ടറിൻ്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തത് വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.

സന്ദീപിന്‍റെ ഭാര്യ സൗമ്യയെ കസ്റ്റംസ് ഇന്നലെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തു. എന്നാൽ കള്ളക്കടത്തില്‍ പങ്കില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ഇവരെ വിട്ടയച്ചു. കസ്റ്റംസിന് പുറമെ ഐബി , റോ എന്നിവയും സൗമ്യയെ ചോദ്യം ചെയ്തിരുന്നു. പ്രാഥമികാന്വേഷണത്തിന്‍റെ ഭാഗമായി സിബിഐ കൊച്ചി യൂണിറ്റ് ഉദ്യോഗസ്ഥർ കസ്റ്റംസ് ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു. സ്വഭാവിക നടപടിയെന്നാണ് സിബിഐ വിശദീകരണമെങ്കിലും കേന്ദ്ര സർക്കാർ നിർദേശത്തെത്തുടർന്നാണ് വിവരശേഖരണമെന്നാണ് സൂചന.

അതിനിടെയാണ് മുൻകൂർ ജാമ്യം തേടി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഇ-ഫയലിംഗ് വഴിയാണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. രാജേഷ് കുമാര്‍ വഴിയാണ് സ്വപ്ന ജാമ്യപേക്ഷ നൽകിയത്. ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹർജി നാളെ പരി​ഗണിക്കുമെന്നാണ് സൂചന. ഇന്നലെ രാത്രി ഏറെ വൈകി നൽകിയതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയതെന്നാണ് വിവരം.