കുടുംബത്തോടൊപ്പം കുളിക്കുന്നതിനിടെ വിദ്യാർത്ഥിനി കുളത്തിൽ മുങ്ങി മരിച്ചു

കോഴിക്കോട്: ഈങ്ങാപ്പുഴ കാക്കവയലിൽ വിദ്യാർത്ഥിനി കുളത്തിൽ മുങ്ങി മരിച്ചു. കുടുംബത്തോടൊപ്പം കുളിക്കുമ്പോൾ കുളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഈങ്ങാപ്പുഴ പയോണ പാലാഴി കാലിത്തീറ്റ ഫാക്ടറി ഉടമ കണ്ടത്തും തൊടിയിൽ ഫിലിപ്പിൻ്റെ മകൾ മറിയ (19) ആണ്​ മരിച്ചത്​. വീടിനോട് ചേർന്ന് ഫാമിനായി നിർമ്മിച്ച കുളത്തിൽ നീന്തുന്നതിനിടെയാണ് മുങ്ങിപ്പോയത്.

കൈതപ്പൊയിൽ ലിസ കോളേജ് വിദ്യാർത്ഥിനിയാണ് മറിയ. പതിവായി നീന്താറുള്ള കുളത്തിലാണ് മുങ്ങി പോയത്. മാതാവ്: എലിസബത്ത്. സഹോദരങ്ങൾ: സിറിയക്, ജോസഫ്.

30 അടി വീതിയും 50 അടി നീളവും 20 അടി ആഴവുമുള്ളതാണ്​ കുളം. വൈകീട്ട് ആറുമണിയോടെ ഇവരുടെ ഫാമിലെ കുളത്തിൽ നീന്തുന്നതിനിടെ മരിയയെ കാണാതാവുകയായിരുന്നു, നാട്ടുകാരും മുക്കത്തു നിന്നെത്തിയ ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.