കൊച്ചി : ഫോർട്ട്കൊച്ചി വൈപ്പിൻ റോ റോ സർവീസിലെ യാത്രക്കാരിൽ രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് സർവീസ് താൽക്കാലികമായി നിർത്തിവച്ചു. നിരീക്ഷണത്തിലിരുന്ന രോഗി മൂന്ന് ദിവസങ്ങളിലായി റോ റോയിൽ യാത്ര ചെയ്തതിനെ തുടർന്ന് ആ ദിവസങ്ങളിൽ ഉണ്ടായിരുന്ന ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ അധികൃതർ നിർദേശിച്ചു. കഴിഞ്ഞ ദിവസങ്ങളിലാണ് ഇവർ യാത്ര ചെയ്തത്. ഇതെ തുടർന്നാണ് സർവീസ് താൽക്കാലികമായി നിർത്തി വയ്ക്കാൻ തീരുമാനിച്ചതെന്ന് നടത്തിപ്പുകാരായ കിൻകോ അധികൃതർ വ്യക്തമാക്കി.
ആകെ 39 ജീവനക്കാരാണ് റോറോയിലുള്ളത്.ഇതിൽ പകുതിയിലേറെ പേർ നിരീക്ഷണത്തിൽ പോകേണ്ടി വരും. ഈ സാഹചര്യത്തിൽ ബാക്കിയുള്ളവരെ കൊണ്ട് സർവീസ് നടത്തുക പ്രയാസമാണെന്ന് അധികൃതർ പറയുന്നു. ലോക്ക് ഡൗണിന് ശേഷം റോ റോ സർവീസ് ആരംഭിച്ചപ്പോൾ തന്നെ സാമൂഹിക അകലം പാലിക്കാതെയാണ് യാത്രയെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെ കഴിഞ്ഞ ഞായറാഴ്ച സർവീസ് ആരംഭിച്ചെങ്കിലും പിന്നീട് നിർത്തി വച്ചിരുന്നു.
നിരീക്ഷണത്തിൽ ഇരിക്കുന്നവർ ഇത് ലംഘിച്ച് കറങ്ങി നടക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇപ്പോൾ റോ റോയിൽ ഉണ്ടായത്. നിരീക്ഷണം ലംഘിക്കുന്നവരെ കണ്ടെത്താനും നടപടിയെടുക്കാനും പലപ്പോഴും അധികൃതർക്ക് കഴിയാത്ത സാഹചര്യമാണുള്ളത്.