സ്വപ്ന സുരേഷുമായി ഒരു ബന്ധവും ഇല്ല; ആക്ഷേപങ്ങൾ ഉന്നയിച്ചാൽ നിയമ നടപടി : ശശി തരൂർ

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിൽ ആരോപണ വിധേയരായ ആരുമായും ബന്ധമില്ലെന്ന് ശശി തരൂര്‍. സ്വപ്ന സുരേഷുമായി ഒരു ബന്ധവും ഇല്ലെന്നും അവരെ അറിയുകയുമില്ലെന്നും ശശി തരൂർ വ്യക്തമാക്കി. ജോലിക്കായി ഒരു ശുപാര്‍ശയും നൽകിയിട്ടില്ല. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും. ആക്ഷേപങ്ങൾ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കുമെന്നും ശശി തരുര്‍ സമൂഹ മാധ്യമത്തിൽ കുറിച്ചു.

തന്റെ ശുപാർശയിൽ ആരും കോണ്സുലേറ്റിൽ ജോലിക്ക് കയറിയിട്ടില്ല. അനാവശ്യമായി പേര് വലിച്ചിഴക്കുന്നവർക്കെതിരെ നിയമ നടപടി തീരുമാനിക്കുമെന്നും ശശി തരൂർ മുന്നറിയിപ്പ് നൽകി. സ്വർണ കടത്തു കേസിൽ കൃത്യമായ അന്വേഷണം നടത്തണം എന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴാണ് വഴിവിട്ട നിയമനങ്ങൾ നടത്തിയതെന്നാണ് രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിക്കുന്നത്. 2016 ഒക്ടോബറിൽ യുഎഇ കോൺസ്യുലേറ്റ് ഉദ്ഘാടനം ചെയ്യുമ്പോൾ കേരളത്തിലും കേന്ദ്രത്തിലും പ്രതിപക്ഷ എംപിയായിരുന്നു എന്നും ശശി തരൂര്‍ ഫേസ് ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു.