കോഴി കച്ചവടം മറയാക്കി കഞ്ചാവ് വിൽപ്പന; വിദേശത്തേക്ക് മയക്ക് മരുന്ന് കയറ്റി അയക്കലും; ഒടുവിൽ മുങ്ങി

തിരുവനന്തപുരം: പോത്തൻകോട്ട് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ അന്വേഷണം പെരുമ്പാവൂരിലെ കോഴിക്കച്ചവടക്കാരനിലേക്ക്. ഇയാൾക്ക് വേണ്ടിയാണ് ഇവ വാങ്ങിയതെന്ന് വിവരം ലഭിച്ചതോടെ കോഴിക്കച്ചവടക്കാരൻ മുങ്ങി. നൂറു കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലുമായി പെരുമ്പാവൂർ പെരുമാനി സ്വദേശിയും സഹായിയുമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. കോഴി കച്ചവടക്കാരനായ ഇയാൾ വിദേശത്തേക്ക് മയക്ക് മരുന്ന് കയറ്റിവിടാറുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. കോഴിക്കച്ചവടം മറയാക്കിയായിരുന്നു ഇയാളുടെ ഇടപാടുകൾ.

അന്താരാഷ്ട്ര വിപണിയിൽ ഒരു കോടി രൂപ വിലവരുന്ന ഹാഷിഷ് ഒയിലും 40 ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമാണ് ഇന്നലെ പിടികൂടിയത്. പെരുമാനി സ്വദേശി എൽദോ എബ്രഹാം (28) കൊല്ലം കുണ്ടറ സ്വദേശി സെബിൻ (29) എന്നിവരാണ് പിടിയിലായത്.

ആന്ധ്രപ്രദേശിൽ നിന്നും വാളയാർ വഴി തിരുവനന്തപുരത്തേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെ പോത്തൻകോട് വച്ചാണ് ഇവരെ പിടികൂടിയത്. സ്റ്റേറ്റ് എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ റ്റി അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, ഇൻസ്പെക്ടർ റ്റി ആർ മുകേഷ് കുമാർ, അസിസ്റ്റൻ്റ് ഇൻസ്പെക്ടർ മധുസൂദനൻ നായർ, ഒഫീസർമാരായ ഹരികുമാർ ,ജെസ്സിം, സുബിൻ, ഷംനാദ്, രാജേഷ്, ജിതഷ്, ശ്രീലാൽ, രതീഷ് മോഹൻ എന്നിവരാണ് ടീമിലുണ്ടായിരുന്നത്.