ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ഡീസൽ വില 71 പൈസ വർധിപ്പിച്ചു ; പെട്രോൾ വിലയിൽ മാറ്റമില്ല

കൊച്ചി: ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ഡീസൽ വിലയിൽ വീണ്ടും വർധനവ്. ഡീസലിന് ലിറ്ററിന് 71 പൈസയാണ് വർധിപ്പിച്ചത്. പെട്രോൾ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മാസം തുടർച്ചയായി 20 ദിവസത്തോളം ഇന്ധന വില വർധിച്ചിരുന്നു. ജൂൺ ഏഴ് മുതൽ ആണ് രാജ്യത്ത് ഇന്ധന വില കുതിച്ചുയരാൻ തുടങ്ങിയത്. എന്നാൽ ഒരാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും വിലയിൽ വർദ്ധനവ് ഉണ്ടായിട്ടുള്ളത്.

തിരുവനന്തപുരത്ത് പെട്രോളിന് 82.15 രൂപയും ഡീസലിന് 77.92 രൂപയും ആണ് വില. കൊച്ചിയിൽ പെട്രോളിന് 80.37 രൂപയും ഡീസലിന് 76.19 രൂപയുമാണ് വില.

ഡെല്‍ഹിയില്‍ ഇന്ന് 80.43 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് ലിറ്ററിന് 25 പൈസ വർധിച്ച് 80.78 രൂപയും. രാജ്യതലസ്ഥാനത്ത് പെട്രോളിനെ മറികടന്ന് ഡീസൽ വില ഉയരുകയാണ്.

നികുതി നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെട്രോളിയം കമ്പനികൾക്ക് വന്ന നഷ്ടം നികത്താൻ എന്ന പേരിൽ വില ഉയർത്തിയതും ആണ് ഇന്ധന വില ഉയരാനുള്ള കാരണം എന്നാണ് വിലയിരുത്തൽ.