ആശങ്ക ഏറുന്നു; ആകെ രോഗബാധിതരുടെ ഇരുപത് ശതമാനത്തിലേറെ സമ്പർക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൊറോണ ബാധിച്ചവരുടെ എണ്ണത്തില്‍ വൻ വര്‍ദ്ധനവ്. ഇതോടെ ജനങ്ങളുടെ ആശങ്ക വർധിച്ചിരിക്കയാണ്. ഇന്ന് 193 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിൽ 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആകെ രോഗികളുടെ ഇരുപത് ശതമാനത്തിലേറെയാണ് ഇത്.

എറണാകുളം ജില്ലയിലെ 17 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 6 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 4 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 3 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് ജില്ലയിലെ ഓരോരുത്തര്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ പലയിടത്തും ഉറവിടം കണ്ടെത്താനാകാത്തത് ഭീതി വർധിപ്പിക്കുകയാണ്.

ഇന്നലെ കൊറോണ സ്ഥിരീകരിച്ചവരില്‍ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. ശനിയാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 17 ആയിരുന്നു. വെള്ളി-27, വ്യാഴം – 14 എന്നിങ്ങനെയാണ് മുന്‍ ദിനങ്ങളിലെ സമ്പര്‍ക്കത്തിലൂടെയുള്ള രോഗ ബാധിതരുടെ എണ്ണം.

ഇന്ന് സംസ്ഥാനത്ത് കൊറോണ കണ്ടെത്തിയവരില്‍ 92 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. മലപ്പുറം 35,കൊല്ലം 11, ആലപ്പുഴ11, തൃശൂര്‍14, കണ്ണൂര്‍ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസര്‍കോട് 6, പത്തുനംതിട്ട 26, ഇടുക്കി 6, വയനാട് 8 എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.