കൊച്ചി: ഓട്ടോ ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ, ആലുവ സമ്പര്‍ക്ക രോഗവ്യാപന ഭീഷണിയില്‍. ആലുവയില്‍ ഗുരുതരമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. സമ്പര്‍ക്കത്തിലൂടെയുളള രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 51 വയസുളള കടുങ്ങല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരുന്നതായാണ് ഇന്നലെ ജില്ലാ ഭരണകൂടം അറിയിച്ചത്. നിലവില്‍ 57 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇവരെയെല്ലാവരെയും നിരീക്ഷത്തിലാക്കിയിട്ടുണ്ട്. ഇതില്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ 5 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചുവെന്നുമാണ് ഇന്നലെ ജില്ലാ ഭരണകൂടം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
എറണാകുളം നഗരത്തില്‍ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെങ്കിലും ഇപ്പോള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആവശ്യമില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. ആവശ്യമെങ്കില്‍ മാത്രമേ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തൂ. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കൂട്ടേണ്ടിവരും. എറണാകുളത്തേക്കാള്‍ ഗുരുതരമായ അവസ്ഥ ആലുവയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആലുവ, ചമ്പക്കര മാര്‍ക്കറ്റുകള്‍ അണുവിമുക്തമാക്കിയ ശേഷം നാളെ പൊലീസ് സാന്നിധ്യത്തില്‍ താല്‍ക്കാലികമായി തുറക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഒരു സമയം എത്ര പേര്‍ക്ക് നില്‍ക്കാം എന്ന കാര്യത്തില്‍ ഉള്‍പ്പെടെ പൊലീസ് നിര്‍ദേശം നല്‍കും. ചില്ലറ വില്‍പന അനുവദിക്കില്ല. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
എറണാകുളത്ത് ഇന്ന് പുതുതായി ആറ് കണ്ടെയ്‌മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 21, 22 വാര്‍ഡുകളും മൂന്നാം വാര്‍ഡിലെ മുനമ്പം ഫിഷിങ് ഹാര്‍ബറും മാര്‍ക്കറ്റും, എടത്തല ഗ്രാമപഞ്ചായത്തിലെ 13, 4 വാര്‍ഡുകളും കീഴ്മാട് ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡുമാണ് നിയന്ത്രിത മേഖലയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.