രാജസ്ഥാനിൽ നിന്ന് മടങ്ങി എത്തിയയാളെ വീട്ടിൽ കയറ്റിയില്ല; ഭയം കൊണ്ടെന്ന് സഹോദരി

തിരുവനന്തപുരം: രാജസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയയാളെ തിരുവനന്തപുരത്ത് വീട്ടിൽ കയറ്റിയില്ല. ഭയം കൊണ്ടാണ് വീട്ടിലേക്ക് പ്രവേശിപ്പിക്കാത്തതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മലയിൻകീഴിലെ സഹോദരിയുടെ വീട്ടിലേക്ക് വന്നയാൾക്കാണ് പ്രവേശനം നിഷേധിച്ചത്. ഇയാൾ വഴിയരികിൽ ഇരിക്കുന്നത് കണ്ട നാട്ടുകാർ സംഭവത്തിൽ ഇടപെടുകയായിരുന്നു. ഇവർ വിളിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ഇന്ന് രാവിലെയാണ് ഇയാൾ രാജസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയത്.

അതേസമയം 38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്, 22 പേര്‍ക്ക്. തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരിൽ നിരവധി പേർക്ക് യാതൊരു യാത്രാപശ്ചാത്തലവുമില്ലെന്നതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മണക്കാട് കൊഞ്ചിറവിള സ്വദേശിനി എട്ട് വയസുകാരിക്ക് യാതൊരു യാത്രാപശ്ചാത്തലവുമില്ലാതെ രോഗം സ്ഥിരീകരിച്ചു.

പേട്ട സ്വദേശിനി 42 കാരി, വഞ്ചിയൂർ സ്വദേശി 62 കാരൻ, മണക്കാട് സ്വദേശി 29 കാരൻ, ചെമ്പഴന്തി സ്വദേശിനി 29 കാരി, കമലേശ്വരം സ്വദേശി 29 കാരൻ, മണക്കാട് സ്വദേശിനി 22 കാരി, ആറ്റുകാൽ ബണ്ട് റോഡ് സ്വദേശി 70 കാരൻ, പൂന്തുറ സ്വദേശി 36 കാരൻ, വള്ളക്കടവ് സ്വദേശി 65 കാരൻ, പുല്ലുവിള സ്വദേശി 42 കാരൻ, പൂന്തുറ സ്വദേശി44 കാരൻ, പൂന്തുറ സ്വദേശിനി 18 കാരി, പൂന്തുറ സ്വദേശി 15 കാരൻ, പൂന്തുറ സ്വദേശി 13 കാരൻ,മണക്കാട് സ്വദേശി 51 കാരൻ എന്നിവർക്ക് യാത്രാ പശ്ചാത്തലം പോലുമില്ലാതെയാണ് കൊറോണ സ്ഥിരീകരിച്ചത്.