പ്രകൃതി സംരക്ഷണത്തിന് യുവജനങ്ങള്‍ പ്രകൃതിയിലേക്ക് മടങ്ങണം: മാര്‍ ആലഞ്ചേരി

കൊച്ചി: പ്രകൃതി സംരക്ഷണത്തിന് യുവജനങ്ങള്‍ പ്രകൃതിയിലേക്ക് മടങ്ങണമെന്ന് കെസിബിസി പ്രസിഡണ്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട് സീറോമലബാര്‍ സഭാ ആസ്ഥാനത്ത് നടന്ന കെസിവൈഎം സംസ്ഥാനതല യുവജനദിന ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതി സംരക്ഷണത്തിന് കെസിവൈഎം ആരംഭിച്ച ഹരിതംപോലുള്ള പദ്ധതികള്‍ സമൂഹത്തിന് മാതൃകയാണെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കെസിവൈഎം സംസ്ഥാന പ്രസിഡണ്ട് ബിജോ പി. ബാബു അദ്ധ്യക്ഷത വഹിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കെസിവൈഎം പതാക ഉയര്‍ത്തുകയും, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ യുവജനങ്ങള്‍ക്കായി പ്രത്യേക ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. യുവജന ദിനത്തില്‍ സംസ്ഥാനവ്യാപകമായി 30000 ജൈവകൃഷി കിററ് വിതരണം നടത്തി.

കെസിവൈഎം ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ഭാരവാഹികളായ ക്രിസ്റ്റി ചക്കാലക്കല്‍, ജെയ്സന്‍ ചക്കേടത്ത്, അനൂപ് പുന്നപ്പുഴ, സിബിന്‍ സാമുവല്‍, ഡെനിയ സി സി ജയന്‍, ഫാ. ഫ്രാന്‍സിസ് പിട്ടാപള്ളില്‍, സി. റോസ് മെറിന്‍ എന്നിവര്‍ പ്രസംഗിച്ചു.