നെടുംങ്കണ്ടം: ശാന്തന്‍പാറക്കു സമീപം രാജാപ്പാറയിലുള്ള സ്വകാര്യ റിസോട്ടില്‍ കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ചു നിശാപാര്‍ട്ടി സംഘടിപ്പിച്ച വ്യവസായിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തണ്ണിക്കോട് ഗ്രൂപ്പ് ചെയര്മാന് റോയി കുര്യനെതിരെയാണ് ശാന്തന്‍പാറ പോലീസ് കേസെടുത്തിരിക്കുന്നത്. ജൂണ്‍ 28 നായിരുന്നു ഡി.ജെ പാര്‍ട്ടിയും ബെല്ലി ഡാന്‍സും മദ്യ സല്‍ക്കാരവും ഉള്‍പ്പെടെയുള്ള പരിപാടികള്‍ വ്യവസായി സംഘടിപ്പിച്ചത്.
ഉടുമ്പന്‍ചോലക്കു സമീപം ചതുരംഗപ്പാറയില്‍ തണ്ണിക്കോട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ചു രാത്രി എട്ടിനു ആരംഭിച്ച പരിപാടി ആറു മണിക്കൂറോളം നീണ്ടു നിന്നു. വിവിധ രംഗങ്ങളിലെ പ്രമുഖരും സിനിമാ താരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടക്കം നിരവധി പേര് പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിയ പരിപാടിയില്‍ 300 ഓളം പേര് പങ്കടുത്തതായാണ് പ്രാഥമിക വിവരം.
നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് പോലീസ് കേസെടുത്തത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നു ശാന്തന്‍പാറ പോലീസ് അറിയിച്ചു.