തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ നിയമസഭയിലെ മുഴുവൻ ജീവനക്കാരും ജോലിക്ക് ഹാജരാകണം എന്ന് ഉത്തരവ്. നിലവിൽ 50 ശതമാനം ജീവനക്കാരാണ് സർക്കാർ ഓഫീസുകളില്‍ ഹാജരാകേണ്ടത്. കണ്ടെയിന്‍മെന്‍റ്, ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയമസഭയിൽ സന്ദർശകരെ അനുവദിക്കില്ല. ഓദ്യോഗിക ആവശ്യങ്ങൾക്ക് വരുന്നവരെ രേഖകൾ പരിശോധിച്ച ശേഷമേ കടത്തിവിടൂ. ധന ബില്ല് പാസാക്കുന്നതിനായി ഈ മാസം അവസാനം നിയമസഭാ സമ്മേളനം ചേരുന്ന സാഹചര്യത്തിലാണ് ഉത്തരവ്.
പൊലീസുകാർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. സമൂഹ വ്യാപന ഭീഷണിയുടെ മുനമ്പിലാണ് തിരുവനന്തപുരം. നഗരപരിധിയിലെ കടകള്‍ക്ക് ഇന്നുമുതൽ രാത്രി ഏഴ് മണി വരെ മാത്രമേ പ്രവർത്തനാനുമതി ഉള്ളു. പാളയം മാർക്കറ്റ് പൂർണമായും അടച്ചു.
ഉറവിടം അറിയാത്ത രോഗികൾ കൂടിയ തലസ്ഥാനത്ത് കർശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ അടുത്ത ദിവസങ്ങൾ നിർണായകമാണെന്ന് ആരോഗ്യ വിദഗ്‍ധരുടെ വിലയിരുത്തൽ.
നാല് പ്രദേശങ്ങളെ കൂടി കണ്ടെയിന്‍മെന്‍റ് സോണിൽ ഉൾപ്പെടുത്തി. ചെമ്മരുത്തിമുക്ക്, കുറവര,വെന്യകോട്, കേരള തമിഴ്‍നാട് അതിർത്തിയായ ഇഞ്ചിവിള എന്നീ പ്രദേശങ്ങളെയാണ് പുതുതായി കണ്ടെയിന്‍മെന്‍റ് സോണിൽ ചേർത്തത്. പൊലീസ് ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നന്ദാവനം എ ആർ ക്യാമ്പും സെക്രട്ടറിയേറ്റും കമ്മീഷണർ ഓഫീസും അണു വിമുക്തമാക്കി. പൊലീസുകാരന്‍റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്ള 28 പേരുടെ സ്രവം ശേഖരിച്ചിട്ടുണ്ട്.