സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം അയ്യായിരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം അയ്യായിരത്തിലേക്ക് അടുക്കുന്നു. 4964 പേരാണ് ഇതുവരെ രോഗബാധിതരായത്. ഇതില്‍ 2098 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,7,717 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2794 പേര്‍ ആശുപത്രിയിലാണ്. ഇന്ന് 378പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് സ്ഥിതി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പതിനാല് ജില്ലകളിലും കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗ്രാമങ്ങളിലും നഗരങ്ങളിലും കൊറോണ ബാധിതരുണ്ട്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

211 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 201പേര്‍ രോഗമുക്തരായി. 138 പേര്‍ വിദേശത്ത് നിന്നുവന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്ന 39 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഇന്ന് 27 പേര്‍ക്കാണ് സമ്പര്‍ക്കംവഴി രോഗം സ്ഥിരീകരിച്ചത്.

ആലപ്പുഴ ജില്ലയിലെ 12 പേര്‍ക്കും എറണാകുളം ജില്ലയിലെ 4 പേര്‍ക്കും തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ 3 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇത് കൂടാതെ കണ്ണൂര്‍ ജില്ലയിലെ 6 സിഐഎസ്എഫ്കാര്‍ക്കും ഒരു എയര്‍ക്രൂവിനും രോഗം ബാധിച്ചു.