അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് നിര്‍ദേശം; കൊച്ചിയിൽ കര്‍ശന നിയന്ത്രണങ്ങള്‍

കൊച്ചി: കൊറോണ വ്യാപനം തടയാന്‍ കൊച്ചി നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അവലോകന യോഗത്തില്‍ തീരുമാനം. അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.

ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ പൊലീസും ആരോഗ്യ വകുപ്പും സംയുക്തമായി പരിശോധനകള്‍ നടത്തും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് മന്ത്രി പറഞ്ഞു.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. രോഗം മറച്ചുവയ്ക്കുന്നത് കുറ്റകരമാണ്. മെട്രോ നഗരത്തില്‍ വ്യാപനമുണ്ടായാല്‍ സ്ഥിതി രുക്ഷമാവും. എന്നാല്‍ ജില്ലയില്‍ ഇതുവരെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തലെന്ന് മന്ത്രി പറഞ്ഞു.

എറണാകുളം മാര്‍ക്കറ്റില്‍ കുടുതല്‍ പരിശോധനകള്‍ നടത്തും. ബ്രോഡ് വേയിലെ സാഹചര്യം മുന്നറിയിപ്പാണ്. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.