നിയമസഭാ സമ്മേളനം ഈ മാസം അവസാനം, ഒരു ദിവസം മാത്രമായി ചേരും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം അവസാനം ചേരാൻ തീരുമാനമായി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരു ദിവസം മാത്രമാകും നിയമസഭാ സമ്മേളനം നടക്കുക. സമ്മേളനത്തിൽ സാമൂഹിക അകലം പാലിച്ച് എല്ലാ അംഗങ്ങളും പങ്കെടുക്കും. മാസ്ക്, സാനിറ്റൈസർ എന്നിങ്ങനെ കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകും സമ്മേളനം. ‍സമ്മേളന തിയതി ഇതുവരെ തീരുമാനമായിട്ടില്ല.

ജൂലൈ അവസാന ആഴ്ച സമ്മേളനം ചേരാമെന്നാണ് തീരുമാനമായിരിക്കുന്നത്.
സ്പീക്കർ ഇന്ന് തിരുവനന്തപുരത്ത് കക്ഷിനേതാക്കളുടെ യോഗം വിളിച്ച് ചേർത്തിരുന്നു. ഈ യോഗത്തിലാണ് ധനകാര്യബില്ല് പാസ്സാക്കാൻ ഒരു ദിവസം മാത്രം യോഗം ചേർന്ന് സമ്മേളനം പിരിയാൻ തീരുമാനം കൈക്കൊണ്ടത്.
കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നേരത്തേ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. ഏപ്രിൽ 8 വരെയാണ് നിയമസഭാ സമ്മേളനം നടത്താനിരുന്നത്. ധനാഭ്യർത്ഥനകൾ എല്ലാം ഒരുമിച്ച് പാസ്സാക്കുകയാണ് ചെയ്തത്. ചരിത്രത്തിൽത്തന്നെ അപൂർവമായിട്ടേ കേരള നിയമസഭ ഒറ്റ ദിവസം മാത്രം സമ്മേളനം ചേർന്ന് പിരിഞ്ഞിട്ടുള്ളൂ.

നിയമ സഭാസമ്മേളനം ഒരു ദിവസമായി വെട്ടിച്ചുരുക്കുന്നതിൽ പ്രതിപക്ഷം നേരത്തേ എതിർപ്പറിയിച്ചിരുന്നു. ജനങ്ങൾക്കിടയിൽ അനാവശ്യഭീതി സൃഷ്ടിക്കുമെന്നായിരുന്നു പ്രതിപക്ഷം ആദ്യം നിലപാട് എടുത്തിരുന്നത്. എന്നാൽ നിലവിൽ സംസ്ഥാനത്ത് കൊറോണ രോഗബാധിതരുടെ എണ്ണം ദിനംപ്രതി നൂറിലധികം കൂടുന്ന സാഹചര്യത്തിൽ സമ്മേളനം ഒറ്റദിവസം ചേരാൻ പ്രതിപക്ഷം പിന്തുണ അറിയിച്ചിട്ടുണ്ട്.