കേരളത്തെ നടുക്കിയ കരിക്കിൻവില്ല ഇരട്ട കൊലക്കേസിലെ ഏക സാക്ഷി ഗൗരിയമ്മ അന്തരിച്ചു

തിരുവല്ല : കേരളത്തെ നടുക്കിയ മഞ്ഞാടി കരിക്കിൻവില്ല കൊലക്കേസിലെ ഏക സാക്ഷി പൂതിരിക്കാട്ട് മലയിൽ ഗൗരിയമ്മ (98) അന്തരിച്ചു. 40 വർഷം മുമ്പ് നടന്ന ഇരട്ടക്കൊലപാതക കേസിൽ ഗൗരിയമ്മയുടെ മൊഴിയാണ് കേസിൽ നിർണായക വഴിത്തിരിവിനും പ്രതികളെ പിടികൂടാനും സഹായകമായത്. ഗൗരിയമ്മയുടെ സംസ്ക്കാരം വ്യാഴാഴ്ച 12ന് കറ്റോട് സ്മശാനത്തിൽ. പരേത ചെങ്ങന്നൂർ മഞ്ചേരി കുടുംബാംഗം.
മക്കൾ: അമ്മിണി, ലീല, ശാന്ത, സുരേന്ദ്രൻ, പരേതനായ സദാനന്ദൻ.
മരുമക്കൾ: രാധാ ഉണ്ണികൃഷ്ണൻ, രാജപ്പൻ, രാജപ്പൻ, ഗോപി, രമണി, രമണി.

ഏറെക്കാലം കുവൈറ്റിൽ ജോലിചെയ്‌തു വലിയ സമ്പാദ്യവുമായി നാട്ടിലെത്തിയ ദമ്പതികളായിരുന്നു കെസി ജോർജും, ഭാര്യ റേച്ചലും. മക്കളില്ലാത്ത ഇവർക്ക് പുറംലോകവുമായി വലിയ ബന്ധമുണ്ടായിരുന്നില്ല.തിരുവല്ലയിലെ കരിക്കൻവില്ലയെന്ന ശാന്തമായ വീട്ടിൽ അവർ ഒതുങ്ങിക്കൂടി. ബന്ധുക്കളോ പരിചയക്കാരോ അടുത്തുണ്ടായിരുന്നില്ല. സഹായത്തിനുണ്ടായിരുന്നത് ഗൗരിയെന്ന ജോലിക്കാരി മാത്രം.

1980 ഒക്‌ടോബർ 6. രാവിലെ വീട്ടുജോലിക്കെത്തിയ ഗൗരിയാണു ജോർജിനെയും (63) റേച്ചലിനെയും (56) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും കുത്തേറ്റിരുന്നു. കത്തി റേച്ചലിന്റെ വയറ്റിൽ തറച്ചിരുന്നു. മേശപ്പുറത്തു നാലു ചായക്കപ്പുകളുണ്ടായിരുന്നു. റേച്ചൽ തന്നെയാണു ചായ കൊണ്ടുപോയി കൊടുത്തത്. റേച്ചലിന്റെ ആഭരണങ്ങൾ, ജോർജിന്റെ റോളെക്‌സ് വാച്ച്, ടേപ്പ് റിക്കോർഡർ, പണം എന്നിവ അപഹരിക്കപ്പെട്ടിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവസ്‌ഥലത്തുനിന്നും അന്വേഷണ സംഘത്തിനു ലഭിച്ച ഏകസൂചന കൊല നടന്ന വീടിനുള്ളിൽ വാരിവലിച്ചിട്ടിരുന്ന രക്തം പുരണ്ട കടലാസുകളിൽ പതിഞ്ഞ പുത്തൻ ഷൂസിന്റെ അവ്യക്തമായ പാടുകളാണ്. കേരളത്തിൽ അന്നുവരെ കണ്ടിട്ടില്ലാത്ത പുതിയ ഇനം ഡിസൈനുള്ള ഷൂസിന്റെ ഹീൽ അന്വേഷണസംഘത്തവനായ സിബിമാത്യൂസിന്റെ ഉറക്കം കെടുത്തി.

കൊലനടത്തിയതു പ്രൊഫഷനൽ കൊലയാളിയാണെന്ന നിഗമനത്തിൽ അതുവരെ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്‌ഥരെല്ലാം എത്തിക്കഴിഞ്ഞിരുന്നു. പ്രഫഷനൽ കുറ്റവാളികളുടെ വിരലടയാളത്തിനായി അവർ പരക്കം പാഞ്ഞപ്പോൾ സിബിമാത്യൂസ് പറഞ്ഞു. ‘‘ഇതു പ്രൊഫഷനൽ കൊലയാളിയല്ല, ആഡംബരപ്രിയരായ കുറേ ചെറുപ്പക്കാരാകാനാണു സാധ്യത’’ കരിക്കൻവില്ലയിലെ പകൽജോലിക്കാരി ഗൗരിയുടെ വൈകിവന്ന മൊഴിയിലെ ഒരു വാചകമാണ് പിന്നെ പൊലീസിനെ നയിച്ചത്.

ഗൗരിയെ പൊലീസ് ചോദ്യം ചെയ്‌തപ്പോൾ തലേന്നു വൈകിട്ടു താൻ ജോലികഴിഞ്ഞു പോകാൻ തുടങ്ങുമ്പോൾ നാലുപേർ കാറിൽ വന്നിരുന്നെന്നും വന്നവർക്കു ചായയുണ്ടാക്കാൻ റേച്ചൽ പറഞ്ഞതായും വിവരം ലഭിച്ചു.

‘മദ്രാസിലെ മോൻ’ ആണു വന്നതെന്നു റേച്ചൽ തന്നോടു പറഞ്ഞിരുന്നതായി ഗൗരി വെളിപ്പെടുത്തി. ഈ മൊഴിയാണ് കരിക്കൻവില്ല കൊലക്കേസിനു തുമ്പുണ്ടാക്കിയത്. മദ്രാസിലെ മോൻ എന്ന വാക്കു കേട്ട സിബി മാത്യു പിന്നെ ചെയ്‌തതു ജോർജിന്റെയും റേച്ചലിന്റെയും ഒരു ‘ഫാമിലി ട്രീ’ ഉണ്ടാക്കുകയായിരുന്നു. കൊല്ലപ്പെട്ട ജോർജിന്റെ ഒരു ബന്ധു മദ്രാസിൽ പഠിക്കുന്നുണ്ടായിരുന്നു – റെനി ജോർജ്. ആ യുവാവും മൗറീഷ്യസ് സ്വദേശി ഹസൻ ഗുലാം മുഹമ്മദ്, മലേഷ്യൻ സ്വദേശി ഗുണശേഖരൻ, കെനിയക്കാരനായ കിബ്‌ലോ ദാനിയൽ എന്നീ കൂട്ടുകാരുമാണ് പ്രതികളെന്നു വ്യക്‌തമായി. അന്വേഷണം കോയമ്പത്തൂർ, തൃശ്‌നാപ്പള്ളി വഴി മദ്രാസിലെത്തി. പത്താംദിവസം അവിടെയുള്ള ഒരു ലോഡ്‌ജിൽനിന്നു റെനിയും ഹസനും ആദ്യം പൊലീസ് പിടിയിലായി. ഗുണശേഖരനെ തൊട്ടടുത്ത ദിവസം കിട്ടി. രക്ഷപ്പെടാൻ കിണഞ്ഞു ശ്രമിച്ച കിബ്‌ലോ, പറ്റാതെ വന്നപ്പോൾ കീഴടങ്ങി.

മദ്രാസിൽ എയ്‌റോനോട്ടിക്കൽ എൻജിനീയറിങ് വിദ്യാർഥികളായിരുന്ന ഇവർ മദ്യത്തിനും ലഹരിമരുന്നിനും അടിമകളായിരുന്നു. പണമുണ്ടാക്കാൻ ചെറിയ മോഷണങ്ങളും നടത്തിവന്നിരുന്നതായി പൊലീസ് കണ്ടെത്തി. പണം തട്ടാനാണു സുഹൃത്തുക്കളെയും കൂട്ടി റെനി ചെന്നൈയിൽനിന്നു കാറോടിച്ചു തിരുവല്ലയിലെത്തി കൊല നടത്തിയത്.

പ്രതികളെ 1982 ജനുവരി ഒന്നിനു കോട്ടയം സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 1983 മാർച്ച് 21നു ഹൈക്കോടതി വിധി ശരിവച്ചു. പൂജപ്പുര ജയിലിലായിരുന്നു റെനിയുടെയും ഗുണശേഖരന്റെയും മുഹമ്മദിന്റെയും വാസം. കെനിയക്കാരനായ കിബ്‌ലോയെ ഡൽഹി തിഹാർ ജയിലിലേക്കു മാറ്റി. ജയിൽവാസം 1995 ജൂണിൽ പൂർത്തിയായി. ഓഗസ്‌റ്റോടെ ഗുലാം മുഹമ്മദും ഗുണശേഖരനും കിബ്‌ലോയും സ്വന്തം നാട്ടിലേക്കു മടങ്ങി.

സത്യം പറഞ്ഞാൽ പാരിതോഷികം നല്കാമെന്ന് പോലീസ് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തു. എന്നാൽ യാഥാർത്ഥ്യം വെളിപെടുത്താതിരിക്കാമെങ്കിൽ കരിക്കിൻ വില്ലയിൽ 10 സെൻറ് വസ്തു നല്കാമെന്ന് റെനിയുടെ പിതാവ് ഗൗരിയോട് പറഞ്ഞു.

എന്നാൽ സത്യത്തിന് സ്വർണ്ണത്തെക്കാൾ വില നല്കിയ ഗൗരിയമ്മ അന്വേഷണ ഉദ്യോഗസ്ഥരോട് യഥാർത്ഥ സംഭവം വിവരിക്കുകയായിരുന്നു.

സത്യം പറഞ്ഞതു കൊണ്ടും പാരിതോഷികമോ ഒന്നും ലഭിച്ചില്ല.. എപ്പോൾ വേണമെങ്കിലും തകർന്ന് വീഴാവുന്ന വീടിനുള്ളിൽ കഴിയേണ്ടി വന്ന പൂതിരിക്കാട്ട് ഗൗരിയമ്മയെ പറ്റി 2004 ൽ വാർത്ത വായിച്ചറിഞ്ഞാണ് സാമൂഹ്യ പ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകരാണ് വീട് താമസ യോഗ്യമാക്കി തീർത്ത് കൊടുത്തത്.