കൊച്ചി: ആലുവ മണപ്പുറം പാലം നിർമ്മാണ അഴിമതി ആരോപണത്തില്‍ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയിൽ ഉടന്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്നാണ് വിജിലൻസ് വകുപ്പിന് സിംഗിൾ ബെഞ്ച് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഖാലിദ് മുണ്ടപ്പിള്ളി നൽകിയ ഹർജി കോടതി തീർപ്പാക്കി.
അതേ സമയം ആലുവ മണപ്പുറം പാലം നിർമാണത്തിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അഴിമതി നടത്തിയിട്ടില്ലെന്ന് വിജിലൻസ്. ഇബ്രാഹിം കുഞ്ഞിന് എതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നും അന്വേഷണം ആവശ്യം ഇല്ലെന്നും വിജിലൻസ് ഒരു മാസം മുമ്പ്ഹൈക്കോടതിയെ അറിയിച്ചിരുന്നു. പാലം നിർമാണത്തിൽ അഴിമതി ഉണ്ടെന്നും മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണം എന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ ആണ് വിജിലൻസ് ഇബ്രാഹിംകുഞ്ഞിന് അനുകൂലമായി നിലപാട് എടുത്തത്. പാലം നിർമാണത്തിൽ അഴിമതി ഇല്ലെന്ന പൊതുമരാമത്തു വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് വിജിലൻസ് നടപടി.
പ്രാഥമിക അന്വേഷണത്തിൽ അഴിമതി കണ്ടെത്താനായിട്ടില്ലെന്നും ഈ സാഹചര്യത്തിൽ കേസ് തുടരേണ്ടതില്ലെന്നുമാണ് പൊതുമരാമത്തു വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. വി.കെ. ഇബ്രാഹിം കുഞ്ഞ്, ആലുവ എംഎൽഎ അൻവർ സാദത്ത് എന്നിവർക്കെതിരെ പൊതു പ്രവർത്തകനായ ഖാലിദ് മുണ്ടപ്പള്ളി ആണ് അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാൻ വിജിലൻസ് കോടതിയെ സമീപിച്ചത്.
ഈ കേസിൽ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകാതിരുന്നതിനെ തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ആലുവ മണപ്പുറത്തു നടപ്പാലം നിർമിക്കാൻ പ്രവർത്തി പരിചയമില്ലാത്ത കമ്പനിക്ക് കരാർ നൽകിയെന്നാണ് ഹർജിയിലെ ആരോപണം. ഇതുവഴി സർക്കാരിന് 4.2 കോടിയുടെ നഷ്ടം ഉണ്ടായെന്നും ഹർജിയിൽ പറയുന്നു. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം തള്ളുകയാണ് പൊതുമരാമത്തു വകുപ്പും വിജിലൻസും.
പ്രോസിക്യൂഷൻ അപേക്ഷയിൽ ഒരു വർഷമായിട്ടും സർക്കാർ തീരുമാനമെടുത്തില്ലെന്നാണ് ആരോപണം. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. അന്വേഷണത്തിന് എതിരല്ലെന്ന് പിഡബ്ല്യുഡി കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
2014 ൽ വി കെ ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് ആലുവ മണപ്പുറത്ത് സ്ഥിരം ആർച്ച് പാലം നിർമ്മിച്ചത്. ആറ് കോടി രൂപയ്ക്കായിരുന്നു നിർമ്മാണ കാരാർ. എന്നാല്‍, പതിനേഴ് കോടി രൂപയ്ക്കാണ് പദ്ധതി പൂർത്തിയാക്കിയത്. രണ്ട് കമ്പനികളെ മാത്രം ഉൾപ്പെടുത്തി നടത്തിയ ടെണ്ടറിൽ കരാർ ലഭിച്ച് കമ്പനിയ്ക്ക് ആർച്ച് പാലം നിർമ്മിച്ച് മതിയായ പരിചയം ഉണ്ടായിരുന്നില്ല. പാലത്തിന് ഉപയോഗിച്ച നിർമ്മാണ സാമഗ്രികളുടെ യാതൊരു വിവരവും പൊതുമരാമത്ത് വകുപ്പിന്റെ പക്കൽ ഇല്ലെന്നും 4.20 കോടി ഖജനാവിന് നഷ്ടം ഉണ്ടായിട്ടുണ്ടെന്നുമാണ് ഹർജിക്കാരന്റ ആരോപണം.
മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയിൽ വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയ്ക്കായി ഹർജിക്കാരൻ 2019 സെപ്റ്റംബറിൽ സർക്കാറിന് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, ഈ ഫയലിൽ സർക്കാർ ഒരു തീരുമാനവും എടുത്തില്ലെന്നാണ് പരാതി. സർക്കാർ ഈ അപേക്ഷയിൽ തുടരുന്ന അലംഭാവത്തിൽ ഹൈക്കോടതി ഇടപെടണമെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ പ്രോസിക്യൂഷൻ അനുമതിയിൽ തീരുമാനമെടുക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നായിരുന്നു ഹര്‍ജിക്കാരിന്റെ; ആവശ്യം