തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ നാളെ മുതൽ 5 വരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട്; 3 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്; 4 ന് കണ്ണൂർ, കാസർകോട്; 5 ന് കാസർകോട് ജില്ലകളിലാണു ജാഗ്രതാസന്ദേശം പുറപ്പെടുവിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണു പ്രവചിക്കപ്പെട്ടിരിക്കുന്നത്.
പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണു യെല്ലോ അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശവാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം.