ചങ്ങനാശ്ശേരി അതിരൂപതയിലെ പള്ളികൾ ജൂലൈ 3 മുതൽ തുറക്കാം: മാർ ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി: കർശനമായ നിബന്ധനകൾ പാലിച്ച് ചങ്ങനാശ്ശേരി അതിരൂപതയിലെ പള്ളികളിൽ ജൂലൈ മൂന്ന് മുതൽ കുർബാന നടത്താമെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അറിയിച്ചു. സാമൂഹിക അകലം പാലിച്ചും സർക്കാർ നൽകിയിരിക്കുന്ന നിബന്ധനകൾ പാലിച്ചും പ്രാർത്ഥന നടത്താമെന്നും മാർ പെരുന്തോട്ടം സർക്കുലറിൽ അറിയിച്ചു.

സാമൂഹിക അകലം പാലിച്ച് ജനങ്ങൾക്ക് നിൽക്കാവുന്ന സ്ഥാനങ്ങൾ അടയാളപ്പെടുത്തി ക്രമീകരണം ചെയ്യണമെന്നും പള്ളികളുടെ വലുപ്പമനുസരിച്ച് വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും സർക്കുലർ വ്യക്തമാക്കുന്നു. പരാമാവധി പങ്കെടുക്കാവുന്ന വിശ്വാസികളുടെ എണ്ണം നൂറായി പരിമിതപ്പെടുത്തി.

ജനങ്ങൾ പള്ളികളിലേക്ക് പ്രവേശനത്തിനും പുറത്തു പോകുന്നതിനു വ്യത്യസ്തമായ കവാടങ്ങൾ ഉപയോഗിക്കണം. ജനലുകൾ തുറന്നിടണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മാർ ജോസഫ് പെരുന്തോട്ടം സർക്കുലറിൽ വ്യക്തമാക്കി.

65 വയസ്സിനു മുകളിലും 10 വയസ്സിന് താഴെ പ്രായമുള്ളവരും ഗർഭിണികളും പനി, ചുമ, ജലദോഷം ,ക്ഷയം , തുടങ്ങിയ രോഗമുള്ളവരും മറ്റു ഗുരുതരമായ രോഗം ബാധിച്ച വരും ദേവാലയങ്ങളിലെ ശുശ്രൂഷകളിൽ പങ്കെടുക്കാൻ പാടില്ല.

അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും വന്ന് നിരീക്ഷണത്തിൽ ഉള്ളവരും
അവരുടെ വീടുകളിൽ താമസിക്കുന്നവരും അവരുമായി അടുത്തിടപഴകുന്നവരും ദേവാലയത്തിൽ വരരുത്. ക്വാറന്റൈൻ കാലാവധി കഴിഞ്ഞാലും അത്തരം ഭവനങ്ങളിലുള്ളവർ ഒരാഴ്ച കഴിഞ്ഞേ ദേവാലയത്തിൽ വരാൻ പാടുള്ളൂവെന്നും മാർ പെരുന്തോട്ടം നിർദ്ദേശിക്കുന്നു.

സർക്കുലറിൽ പറഞ്ഞിരിക്കുന്ന പ്രധാന നിർദ്ദേശങ്ങൾ ഇവയൊക്കെയാണ്

*രോഗവ്യാപനം കൂടുതലുള്ള മേഖലകളിലും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുവാൻ സാധിക്കാത്ത ഇടങ്ങളിലും പള്ളികൾ തുറക്കരുത്.
കൊറോണ പോസിറ്റീവ് ആയ വ്യക്തികൾ താമസിക്കുന്ന ഹോട്ട്സ്പോട്ടുകൾ, കന്റോൺമെന്റ് സോണുകൾ എന്നിവിടങ്ങളിലെ പള്ളികൾ യാതൊരു കാരണവശാലും തുറക്കരുത്.

  • കുർബാനയും ആവശ്യാനുസരണം മറ്റു കൂദാശകളും സംസ്കാരങ്ങളും മാത്രമേ തൽക്കാലം നടത്തേണ്ടതുള്ളൂ, സാനിറ്റൈസർ, സോപ്പ് വെള്ളം, മാസ്ക് എന്നിവയുടെ ഉപയോഗം, വ്യക്തിശുചിത്വം, പാദരക്ഷകളുടെ ഉപയോഗം, തുടങ്ങിയ സർക്കാർ നിർദേശങ്ങൾ പാലിക്കണം.
  • ഓരോ ദിവസവും ദേവാലയത്തിൽ എത്തുന്നവരുടെ പേര്, വീട്ടുപേര് , ഫോൺ നമ്പർ എന്നിവ രജിസ്റ്ററിൽ രേഖപ്പെടുത്തണം. കുർബാനയിൽ
    ശുശ്രൂഷകർ മൂന്നുപേരിൽ കൂടുവാൻ പാടില്ല. ഗായക സംഘാഗങ്ങളും നിശ്ചിത അകലം പാലിക്കണം. വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള കുർബാന ഇടവകകളിൽ ആരംഭിക്കുന്നതോടെ ഓൺലൈനിലൂടെയുള്ള കുർബാനകൾ ഒഴിവാക്കണം. വൈദികർക്ക് അജപാലന പരമായ ആവശ്യങ്ങൾ മുൻനിർത്തി സാധാരണ ദിവസങ്ങളിൽ രണ്ട് തവണയും ഞായറാഴ്ചകളിൽ നാലു തവണയും കുർബാന അർപ്പിക്കാം.

*കൊറോണ സംബന്ധിച്ച ബോധവൽക്കരണ പോസ്റ്ററുകൾ ദേവാലയ പരിസരത്ത് പ്രദർശിപ്പിക്കണം. അം​ഗസംഖ്യ കൂടുതലുള്ള ഇടവകകളിൽ ശനിയാഴ്ച വൈകുന്നേരം അർപ്പിക്കുന്ന കുർബാന ഞായറാഴ്ച കുർബാനയുടെ ഭാഗമായി പരിഗണിക്കാം.

  • വിവാഹം, മാമോദിസ, മൃതസംസ്കാരം എന്നിവയ്ക്ക് സർക്കാർ അനുവദിക്കുന്നതിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല. കുടുംബ കൂട്ടായ്മകൾ ഒഴിവാക്കണം.

*കൊറോണ ബാധിതരുടെ മൃതസംസ്കാരം സർക്കാർ പ്രോട്ടോകോൾ അനുസരിച്ച് നടത്തണം. ആരോഗ്യ വകുപ്പും പോലീസും ഇതുസംബന്ധിച്ച നിർദേശങ്ങൾ അറിയിക്കുന്നതാണ്. അവരവരുടെ ഇടവക സെമിത്തേരികളിൽ സർക്കാർ നിർദ്ദേശങ്ങൾക്ക് വിധേയമായി കുഴിയെടുത്ത് മൃതദേഹം സംസ്കരിക്കണം. സെല്ലുകളുള്ള സ്ഥലങ്ങളിലും ജലനിരപ്പുയർന്ന സ്ഥലങ്ങളിലും സാധ്യമല്ലെങ്കിൽ മറ്റൊരു പള്ളിസെമിത്തേരിയിലോ പള്ളി പുരയിടത്തിലോ വീട്ടുവളപ്പിലോ ബന്ധപ്പെട്ടവരുടെ അനുവാദത്തോടെ മൃതദേഹം സംസ്ക്കരിക്കാം. ആവശ്യമെങ്കിൽ മൃതദേഹം ​ദഹിപ്പിക്കാം.

*കൊറോണ പ്രോട്ടോകോൾ പ്രകാരം രോ​ഗ ബാധിതരുടെ മൃതദേഹത്തിനു സമീപം പോകുവാൻ അനുവാദമില്ലാത്തതിനാൽ സംസ്കാരത്തിന് മുമ്പ് ഭവനത്തിലേയും ദേവാലയത്തിലേയും സെമിത്തേരിയിലേയും ശുശ്രൂഷകൾ മൃതദേഹത്തിൻ്റെ സാന്നിധ്യമില്ലാതെ ചൊല്ലി സംസ്ക്കാരം നടത്താം. മരിച്ചവരുടെ കുടുംബങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ വിവേകത്തോടെ വേണം സംസ്ക്കാരം സംബന്ധിച്ച തീരുമാനങ്ങൾ വൈദികർ കൈക്കൊള്ളേണ്ടതെന്ന് മാർ ജോസഫ് പെരുന്തോട്ടം സർക്കുലറിൽ ഓർമ്മിപ്പിക്കുന്നു.