കൊറോണ രോഗിയുടെ മരണം; പരിശോധന നടത്താത്ത ആശുപത്രി അധികൃതരുടെ അനാസ്ഥ വെള്ളപൂശാൻ ശ്രമം

തിരുവനന്തപുരം: ആശുപത്രി അധികൃതരുടെ ഗുരുതര അനാസ്ഥയ്ക്ക് ന്യായീകരണം നൽകി തടി തപ്പാൻ ശ്രമം. കൊറോണ ബാധിച്ച് മരിച്ച വഞ്ചിയൂർ സ്വദേശിയുടെ സ്രവ പരിശോധന വൈകിയതിനാണ് വിചിത്ര വിശദീകരണവുമായി ജനറൽ ആശുപത്രി അധികൃതരും മെഡിക്കൽ കോളേജും രംഗത്തെത്തിയത്. കൊറോണയുടെ ലക്ഷണങ്ങൾ ഉണ്ടായിട്ടും ജലദോഷമില്ലാത്തത് കൊണ്ടാണ് സ്രവമെടുക്കാതിരുന്നതെന്നാണ് ജനറൽ ആശുപത്രിയുടെ വിശദീകരണം. ഗുരുതര ശ്വാസകോശരോഗികൾക്ക് പരിശോധന നിർബന്ധമാണെന്ന പ്രോട്ടോക്കോൾ ഇല്ലെന്നാണ് മെഡിക്കൽ കോളേജിൻ്റെ നിലപാട്.

വഞ്ചിയൂർ സ്വദേശി എസ് രമേശൻ മരിച്ചശേഷം മാത്രം സ്രവപരിശോധന നടത്തിയത് വിവാദമായിരുന്നു. ജനറൽ ആശുപത്രിക്കും മെഡിക്കൽ കോളേജ് ആശുപത്രിക്കും വീഴ്ച പറ്റിയെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു. പരിശോധന വൈകിയതിനുള്ള കാരണമായി രണ്ട് ആശുപത്രി അധികൃതരും നൽകിയ വിശദീകരണമാണ് പുറത്തുവന്നത്.

മെയ് 23ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ രമേശന് പനിയും ശ്വാസം മുട്ടലുമുണ്ട്. പക്ഷെ കൊറോണ പരിശോധന നടത്താതിരുന്നതിന് കാരണമായി ആശുപത്രി അധികൃതർ ചൂണ്ടിക്കാണിക്കുന്നത് രമേശന് ജലദോഷമോ തൊണ്ടവേദനയോ ഇല്ലായിരുന്നു എന്നതാണ്.

ഗുരുതര ശ്വാസകോശ രോഗിയായ രമേശൻ ചികിത്സയോട് പ്രതികരിച്ചതിനാലും കൊറോണ സമ്പർക്ക സാധ്യതയില്ലാതിരുന്നതിനാലും അത്തരം സംശയങ്ങളുണ്ടായില്ലെന്നും വിശദീകരണമുണ്ട്. ഗുരുതര ശ്വാസകോശ രോഗമുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പരിശോധനാ പ്രോട്ടോക്കോളിൽ ഇല്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം.

പക്ഷെ കേരളത്തിൽ 60 ശതമാനം രോഗികളും ലക്ഷണങ്ങളിലാത്തവരാണെന്നത് ഇരു ആശുപത്രികളും പരിഗണിച്ചില്ല, ഒപ്പം ഉറവിടമറിയാതെ കൊറോണ ബാധിച്ച മരിച്ച നാലാഞ്ചിറ സ്വദേശിയുടെ ഉദാഹരണവും കണക്കിലെടുത്തില്ല. രണ്ട് റിപ്പോർട്ടുകളും പരിശോധിച്ച ശേഷം വീഴ്ച ഉണ്ടായെന്ന് കാണിച്ച് കലകടർ ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകി. പക്ഷെ ഇതിന്മേൽ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.