ഇലക്ട്രിക് ബസുകള്‍ വാങ്ങാൻ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് കരാര്‍ നല്‍കിയത് വൻ അഴിമതി : രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള 4500 കോടിയുടെ ഇ-മൊബിലിറ്റി പദ്ധതിയില്‍ വൻ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ അഴിമതിയാണിത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ദുരൂഹമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

4500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങുന്ന പദ്ധതിയാണിത്. ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ എന്ന കമ്പനിയ്ക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിരിക്കുന്നത്. നിരവധി പരാതികളും നിയമനടപടികളും നേരിടുന്ന കമ്പനിയാണിത്. ഒമ്പത് കേസുകള്‍ ഈ കമ്പനി നേരിടുന്നുണ്ട്. സെബി ഈ കമ്പനിയെ രണ്ടുവര്‍ഷത്തേയ്ക്ക് നിരോധിച്ചിട്ടുണ്ട്. ഇത്തരമൊരു കമ്പനിക്ക് കരാര്‍ നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സത്യം കുംഭകോണം, വിജയ് മല്യയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് സ്പിരിറ്റ് അഴിമതി, നോക്കിയ ഇടപാടിലെ നികുതിവെട്ടിപ്പ് തുടങ്ങിയ കേസുകളില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും സെബി രണ്ടുവര്‍ഷത്തേയ്ക്ക് ഈ കമ്പനിയെ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

ഇരുപതാം ലോ കമ്മീഷന്‍ ചെയര്‍മാനും ഡെല്‍ഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസുമായിരുന്ന എ.പി. ഷായുടെ നേതൃത്വത്തിലുള്ള വിസില്‍ ബ്ലോവേഴ്‌സ് ഫോറം 2017ല്‍ കമ്പനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി. 2017 മുതല്‍ കേരള സര്‍ക്കാര്‍ ഈ കമ്പനിക്ക് കരാര്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ജസ്റ്റിസ് എ.പി. ഷാ മുഖ്യമന്ത്രിക്ക് ഒരു കത്തയച്ചിരുന്നു. കൊച്ചിപാലക്കാട് വ്യവസായ ഇടനാഴി, കെഫോണ്‍ പദ്ധതി എന്നിവയുടെ കണ്‍സള്‍ട്ടന്‍സി നല്‍കിയതാണ് കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

ഇതൊക്കെ നിലനില്‍ക്കുമ്പോഴാണ് ഇലക്ട്രിക് ബസ് ഇടപാടിന് ഇത്തരമൊരു കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് താല്‍പര്യമെടുത്താണ് 2019 ഓഗസ്റ്റ് 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കണ്‍സള്‍ട്ടന്‍സി നല്‍കാന്‍ തീരുമാനമെടുത്തത്. ചട്ടങ്ങളൊന്നും പാലിക്കാതെ, ടെണ്ടര്‍ വിളിക്കാതെയാണ് കണ്‍സള്‍ട്ടന്‍സി നല്‍കിയിരിക്കുന്നത്. സെക്രട്ടറിയേറ്റ് മാനുവല്‍ പരിപാലിക്കപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്തിനാണ് സാമ്രാജ്യത്വ കമ്പനിയോട് താത്പര്യം കാണിക്കുന്നത്. മുഖ്യമന്ത്രിയും കമ്പനിയും തമ്മിലുള്ള ബന്ധമെന്താണെന്നും വ്യക്തമാക്കണം. ഇടപാട് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് അറിഞ്ഞിരുന്നോ എന്നും സെബിയുടെ നിരോധനം നിലനില്‍ക്കുന്ന കമ്പനിക്ക് കരാര്‍ നല്‍കിയത് എന്തിനെന്നും ചെന്നിത്തല ചോദിച്ചു. കണ്‍സള്‍ട്ടന്‍സി അടിയന്തിരമായി റദ്ദ് ചെയ്ത്, ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരില്‍ നിയമനടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.