ഉറവിടമറിയാതെ ആരോഗ്യ പ്രവർത്തകയ്ക്ക് കൊറോണ ; കോട്ടയത്ത് ആശങ്ക

കോട്ടയം: ജില്ലയിൽ വീണ്ടും ആശങ്ക പടരുന്നു.ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊൻകുന്നം അരവിന്ദ ആശുപത്രിയിലെ ഡോക്ടര്‍മാർ അടക്കം 34 ജീവനക്കാരോട് ക്വാറന്‍റീനിൽ പോകാൻ നിർദേശം. ആശുപത്രിയിലെ ഒപി നിർത്തി വച്ചു. ജീവനക്കാരിക്ക് എവിടെ നിന്ന് രോഗ ലഭിച്ചെന്ന് വ്യക്തമല്ലെന്നത് സ്ഥിതി ഗുരുതരമാക്കുന്നു. ആശുപത്രിയിലെത്തിയ രോഗികൾ ജ‌ാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കോട്ടയം ജില്ലയില്‍ ഇന്ന് 18 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധാനിരക്കാണിത്. ഇതോടെ കൊറോണ ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 113 ആയി. ജില്ലയില്‍ രോഗികളുടെ എണ്ണം നൂറു കടക്കുന്നതും ഇതാദ്യമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 18 പേരിൽ 9 പേർക്ക് രോഗ ലക്ഷണങ്ങളുണ്ടായിരുന്നില്ല. പാലാ ജനറല്‍ ആശുപത്രിയില്‍ 40 പേരും കോട്ടയം ജനറല്‍ ആശുപത്രിയില്‍ 37 പേരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 32 പേരും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാലു പേരുമാണ് ചികിത്സയിലുള്ളത്.