പ്രവാസികളെ തിരിച്ചെത്തിക്കാൻ കേരളത്തിലേക്ക് 94 വിമാനങ്ങൾ കൂടി

കൊച്ചി: പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് ദൗത്യത്തിൽ കേരളത്തിലേക്ക് 94 വിമാനങ്ങൾ കൂടി ഷെഡ്യൂൾ ചെയ്തു. ബഹ്റിൻ, ഒമാൻ, യുഎഇ, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ജൂലൈ ഒന്ന് മുതൽ 15 വരെയുള്ള ഷെഡ്യൂളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വിമാനങ്ങൾ അധികവും ബഹ്റിനിൽ നിന്നും ഒമാനിൽ നിന്നുമാണ്.

കൂടുതൽ പ്രവാസികൾ നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത രാജ്യങ്ങളെ കേന്ദ്രീകരിച്ച് കൂടുതൽ സർവീസ് നടത്താനാണ് തീരുമാനമെന്ന് വിദേശ കാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.

യു.എഇ , ബെഹ്റിൻ എന്നിവിടങ്ങളിൽ നിന്നും 39 വിമാനങ്ങൾ വീതവും ഒമാനിൽ നിന്നും 13 വിമാനവും മലേഷ്യയിൽ നിന്നും രണ്ടും സിംഗപ്പൂരിൽ നിന്നും ഒരു വിമാനവുമാണ് സർവീസ് നടത്തുക. അടുത്ത മാസം ഒന്നാം തിയതി മുതൽ 14 വരെ സർവീസ് നടത്തുന്ന വിമാനങ്ങളിൽ ഒന്നാം തിയതി ബെഹ്റിൻ, ഒമാൻ, യുഎഇ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ പുറപ്പെടുക. 177 യാത്രക്കാർ വീതം മുൻഗണനാക്രമം അനുസരിച്ചായിരിക്കും സർവീസ്. മൂന്നാം ഘട്ടത്തിൽ അവശേഷിക്കുന്ന 175 വിമാനങ്ങൾ സർവീസ് നടത്തും.

വിവിധ രാജ്യങ്ങളിൽ നിന്ന് മടങ്ങിവരുന്ന പ്രവാസികൾ പാലിക്കേണ്ട മുൻകരുതലുകൾ സംസ്ഥാനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇപ്പോൾ പുതുതായി ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ അധികവും കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ്. പ്രവാസികൾ തിരിച്ചെത്തുന്നത് പരിഗണിച്ച് വിമാനത്താവളങ്ങളിൽ ആന്റിബോഡി പരിശോധനയടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.