കാക്കനാട്: ആഘോഷങ്ങള്‍ പരിമിതപ്പെടുത്തിയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചും ലാളിത്യം സഭയില്‍ പരിശീലിക്കണമെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഭാരതത്തിന്‍റെ അപ്പസ്തോലനായ മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വം അനുസ്മരിക്കുന്ന ജൂലൈ മൂന്നിന് സീറോമലബാര്‍സഭാദിനമായും ആചരിക്കുന്നതിനോടനുബന്ധിച്ചു മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച ഇടയലേഖനത്തിലാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്.
വിവിധ പ്രവര്‍ത്തനങ്ങളിലൂടെ സഭാമക്കള്‍ സമൂഹത്തില്‍ നല്‍കേണ്ട വിശ്വാസസാക്ഷ്യത്തെക്കുറിച്ചും കൊറോണാനന്തര ജീവിതശൈലിയുടെ വിവിധ തലങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നതാണു സഭാദിന ഇടയലേഖനം.
ക്രിസ്തീയതയുടെ ആത്മീയമാനത്തില്‍ ക്രൈസ്തവജീവിതസാക്ഷ്യത്തിന് ഇടയലേഖനം വലിയ പ്രാധാന്യം നല്‍കിയിരിക്കുന്നു. ജീവിതനവീകരണത്തിന്‍റെ അനിവാര്യതയായ ലാളിത്യം പരിശീലിക്കാന്‍ കൊറോണാക്കാലം എല്ലാവരെയും പ്രചോദിപ്പിക്കുന്നുവെന്നു പറയുന്ന ഇടയലേഖനം ആവശ്യപ്പെടുന്നു. വിശ്വാസജീവിതത്തിനു നിരക്കാത്തതും സാമൂഹിക സുരക്ഷിതത്വം ഇല്ലാതാക്കുന്നതുമായ ദുശീലങ്ങളും തിന്മകളും അപവാദപ്രചരണങ്ങളും വംശീയവിവേചനം പോലുള്ള സാമൂഹികതിന്മകളും ഇല്ലായ്മ ചെയ്യേണ്ടതാണ്. ആത്മീയതയ്ക്കു വിരുദ്ധമായി ജിവിതത്തില്‍ കടന്നുകൂടിയ സമീപനങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഉപേക്ഷിച്ചു സംശുദ്ധമായ ക്രൈസ്തവസാക്ഷ്യം നല്‍കാന്‍ വൈദികരെയും സമര്‍പ്പിതരെയും നേതൃത്വശുശൂഷയിലുള്ള അല്‍മായരെയും ഇടയലേഖനം ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
കൊറോണാക്കാലത്തിന്‍റെ പരിണതഫലങ്ങള്‍ കണക്കിലെടുത്ത് എല്ലാ മേഖലകളിലും ഉദ്പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാനും അതുവഴി രാജ്യത്തിന്‍റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുവാനുമുള്ള നടപടികള്‍ ഓരോ മേഖലയിലും സ്വീകരിക്കണം. കൃഷിയോഗ്യമായ ഒരിഞ്ചു ഭൂമിപോലും തരിശായിടാതെ വരാന്‍പോകുന്ന ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ടുകൊണ്ട് കൃഷി ചെയ്യുന്നതില്‍ വൈദികരും പങ്കാളികളാകണം. ചെറുകിട വ്യവസായങ്ങള്‍ ശക്തിപ്പെടുത്തല്‍ ഈ സാഹചര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന അഴിമതിക്കും ചൂഷണങ്ങള്‍ക്കുമെതിരെ പൊതുമനഃസാക്ഷി രൂപപ്പെടുത്തി ജനാധിപത്യപരമായ നടപടികള്‍ സ്വീകരിക്കുവാനുള്ള ഉത്തരവാദിത്വത്തെയും ഇടലേഖനം എടുത്തുപറയുന്നു.
സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മാനദണ്ഡങ്ങളനുസരിച്ചു വി. കുര്‍ബാനയര്‍പ്പിക്കുന്ന സീറോമലബാര്‍സഭയിലെ എല്ലാ ദൈവാലയങ്ങളിലും ജൂണ്‍ 28 ഞായറാഴ്ച ഇടയലേഖനം വായിക്കുന്നതിനാണു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ദൈവാലയത്തില്‍ അര്‍പ്പിക്കുന്ന വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇടയലേഖനം മറ്റു മാധ്യമങ്ങളിലൂടെ നല്‍കുന്നതിനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ടെന്ന് സീറോ മലബാര്‍ മീഡിയാ കമ്മീഷന്‍
സെക്രട്ടറിഫാ. ആന്‍റണി തലച്ചെല്ലൂര്‍ അറിയിച്ചു.