ലഹരിയോടു ‘നോ പറയാം’ ; മുഖ്യമന്ത്രി പറയുന്നതൊന്ന് പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന്; ഉമ്മൻചാണ്ടി

തിരുവനന്തപുരം: പറയുന്നതൊന്ന് പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന് എന്നതിൻ്റെ പ്രകടമായ തെളിവാണ് ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിയോടു ‘നോ പറയാം’ എന്ന മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള അന്തരമാണ് ഇപ്പോൾ കേരളത്തിന്റെ മുന്നിലേക്ക് ഓടിയെത്തുന്നത്.

മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കും എന്ന ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയും സിനിമ താരങ്ങളെ ഉപയോഗിച്ചു നടത്തിയ പരസ്യവും ജനങ്ങള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നു. ഇടതു സർക്കാരിൻ്റെ യഥാർഥ മുഖമാണ് ഇപ്പോൾ കാണുന്നത്.

യുഡിഎഫ് സര്‍ക്കാര്‍ പത്തുവര്‍ഷംകൊണ്ട് കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നടപടികള്‍ അട്ടിമറിച്ചത് ഇടതു സര്‍ക്കാരാണ്. യുഡിഎഫ് സര്‍ക്കാര്‍ 730 ബാറുകളാണ് അടച്ചുപൂട്ടിയത്. അവശേഷിച്ചത് 29 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം. എന്നാല്‍ ഇപ്പോള്‍ കേരളത്തിലുള്ളത് 605 ബാറുകള്‍. ബാറുകളിലൂടെ മദ്യം പാഴ്‌സലായി നല്കാന്‍ അനുമതി നല്കി. സംസ്ഥാനത്ത് ഇപ്പോള്‍ 1244 കടകളിലൂടെയാണ് മദ്യം വിറ്റുകൊണ്ടിരിക്കുന്നതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

ബാറുകളിലൂടെ മദ്യം പഴ്‌സലായി നല്കാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ സംവിധാനമായ ബിവറേജസ് കോര്‍പറേഷന്‍ കടുത്ത പ്രതിസന്ധിയിലുമായി. ബാറുകള്‍ക്ക് പ്രതിദിനം 10 മുതല്‍ 13 കോടി രൂപ വരെയുള്ള മദ്യമാണ് ബിവറേജസ് കോര്‍പറേഷന്‍ നേരത്തെ വിറ്റിരുന്നതെങ്കില്‍ ഇപ്പോഴത് 33 കോടിയുടേതായി കുതിച്ചുയര്‍ന്നു. ബിവറേജസ് കോര്‍പറേഷന്‍ 28 മുതല്‍ 30 കോടി വരെ രൂപയുടെ മദ്യം പ്രതിദിനം വിറ്റിരുന്നത് 13 കോടിയിലേക്ക് കൂപ്പുകുത്തി.

മുന്‍മന്ത്രി കെഎം മാണിക്കെതിരേ ബാര്‍ കോഴക്കേസ് ആരോപിച്ച് എല്‍ഡിഎഫ് നടത്തിയ പ്രക്ഷോഭങ്ങളും കുപ്രചാരണവും ആവിയായിപ്പോയി. വന്യമായ ആരോപണം ഉന്നയിച്ച് അധികാരത്തിലേറിയവര്‍ക്കു തന്നെ മാണിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‌കേണ്ടി വന്നു. മാണി ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ നിയമസഭയില്‍ നടത്തിയ കയ്യാങ്കളിയും അക്രമവും തീരാക്കളങ്കമായി ചരിത്രത്തില്‍ ഇടംപിടിച്ചു. കേരളം കണ്ട ഏറ്റവും വലിയ ഒരു രാഷ്ട്രീയവേട്ടയാടലായിരുന്നു കെഎം മാണിക്കു നേരെ നടന്നതെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.