ഇളയ കുട്ടിയെ വലിച്ചെറിഞ്ഞു, മകനെ കുത്തിക്കൊന്നു; അമ്മയ്ക്ക് മാനസിക പ്രശ്‌നമെന്ന് സ്ഥിരീകരണം

പാലക്കാട്: മണ്ണാർക്കാട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊലപ്പെടുത്തി. മണ്ണാർക്കാട് ഭീമനാടാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഏഴു വയസുകാരനായ മുഹമ്മദ് ഇർഫാനെയാണ് അമ്മ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.

ഇര്‍ഫാന്‍റെ സഹോദരനായ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് വീടിന് പുറത്തിരുന്ന് കരയുന്നത് കണ്ട് എത്തിയ അയല്‍വാസികളാണ് കൊലപാതകവിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുയായിരുന്നു.

മൂത്ത മകനെ കുത്തിക്കൊന്ന ശേഷം ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ യുവതി വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞാണ് സൂചന. വീഴ്ചയിൽ കുഞ്ഞിന് സാരമായ പരിക്കേറ്റിട്ടുണ്ട്. സംഭവമറിഞ്ഞ് നാട്ടുകാരും പോലീസും എത്തിയപ്പോൾ ഇവർ വീടിന്റെ വരാന്തയിൽ തന്നെയുണ്ടായിരുന്നു. മകൻ കൊല്ലപ്പെട്ടെന്നോ മകൾക്ക് പരിക്ക് പറ്റിയെന്നതോ അറിഞ്ഞിരുന്നില്ല. യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് യുവതി വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭർത്താവ് ആലുവയിലാണ് ജോലി ചെയ്യുന്നത്. ഷൊർണ്ണൂർ ഡിവൈഎസ്പി അടക്കമുള്ളവർ സംഭവസ്ഥലത്തെത്തി.

അതേ സമയം യുവതിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന് പോലീസ് പറഞ്ഞു. അഞ്ച് വർഷമായി യുവതി സ്വകാര്യ ആശുപത്രിയിൽ മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നാണ് സൂചന.