ഉറവിടം കണ്ടെത്താനാവാത്ത കൊറോണ കേസുകള്‍ കൂടുന്നു; സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത: മന്ത്രി ശൈലജ

തിരുവനന്തപുരം : സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത നിലനില്‍ക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഉറവിടം കണ്ടെത്താനാവാത്ത കൊറോണ കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ തലസ്ഥാനമായ തിരുവനന്തപുരം അടക്കം ആറു ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ തിരുവനന്തപുരം ജില്ലയില്‍ കൂടുതലാണ്. അതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണം. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തിരുവനന്തപുരം കളക്ടര്‍ നവജ്യോത് ഖോസ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വീഴ്ച ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കൊറോണ രോഗിയുടെ സ്രവം എടുക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറും ആരോഗ്യവകുപ്പും തമ്മില്‍ പ്രശ്‌നമില്ല. വിദേശത്തുനിന്നും വരുന്ന ആളുകള്‍ക്ക് റാപ്പിഡ് ടെസ്റ്റ് ചെയ്യാമെന്നാണ് ആലോചിക്കുന്നത്. കുറച്ച് ടെസ്റ്റ് കിറ്റുകള്‍ സംസ്ഥാനത്തിന്റെ പക്കലുണ്ട്. കൂടുതല്‍ കിറ്റുകള്‍ ശേഖരിച്ചുവരികയാണ്. റാപ്പിഡ് ടെസ്റ്റിന് ആവശ്യമുള്ള ഹെല്‍പ് ഡെസ്‌ക് അടക്കമുള്ള കാര്യങ്ങള്‍ എയര്‍പോര്‍ട്ടില്‍ അറേഞ്ച് ചെയ്യുകയാണ്.

ഒരുപാട് ആളുകള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ ടെസ്റ്റ് നല്ല പ്രയാസകരമാണ്. ചെയ്യുന്നത് ആന്റിബോഡി ടെസ്റ്റാണ്. അത് ചെയ്‌തെങ്കിലും പിസിആര്‍ ടെസ്റ്റ് ചെയ്ത് ഉറപ്പിച്ച ശേഷമേ നമുക്ക് കൊറോണ ഉണ്ടെന്ന് ഉറപ്പിക്കാനാകൂ. എങ്കിലും രോഗബാധയുണ്ടോ എന്ന് നമുക്ക് പെട്ടെന്ന് മനസ്സിലാക്കാനാകും. റാപ്പിഡ് ടെസ്റ്റ് നെഗറ്റീവ് ആണെന്ന് കണ്ടാലും 14 ദിവസം കര്‍ശനമായി ക്വാറന്റൈനില്‍ കഴിയണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.