ഒതായി മനാഫ് വധക്കേസില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ സഹോദരീപുത്രനായ മുഖ്യപ്രതി പിടിയിൽ

മലപ്പുറം: ഒതായി വധക്കേസിലെ മുഖ്യപ്രതി നീണ്ട 24 വര്‍ഷത്തിനു ശേഷം പിടിയില്‍. യൂത്ത് ലീഗ് പ്രവര്‍ത്തകനായ അബ്ദുല്‍ മനാഫിനെ (29) കൊലപ്പെടുത്തിയ പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്. പി.വി. അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രനായ ഒന്നാം പ്രതി ഒതായി സ്വദേശി മലങ്ങാടന്‍ ഷെഫീഖാണ് അറസ്റ്റിലായത്. പിടിയിലായ ഷെഫീഖ് 25 വര്‍ഷമായി വിദേശത്ത് ഒളിവിലായിരുന്നു.

കേസില്‍ രണ്ടാം പ്രതിയായിരുന്ന പി.വി. അന്‍വര്‍ എം.എല്‍.എയെ തെളിവുകളുടെ അഭാവത്തില്‍ പിന്നീട് പ്രതി സ്ഥാനത്ത് നിന്നും കോടതി ഒഴിവാക്കി. കേസില്‍ ആകെ 26 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ പി.വി. അന്‍വറടക്കം 21 പേരെയാണ് കോടതി വിട്ടയച്ചത്. കേസിലെ ഒരു പ്രതി പി.വി. ഷൗക്കത്താലി മരിക്കുകയും ചെയ്തതോടെ ആകെ നാലു പ്രതികളാണ് ഇപ്പോള്‍ കേസില്‍ ഉള്ളത്.

പി.വി. അന്‍വറിന്റെ മറ്റൊരു സഹോദരീ പുത്രനും കേസിലെ മൂന്നാം പ്രതിയുമായ ഷെരീഫ് നേരത്തെ മഞ്ചേരി കോടതിയില്‍ കീഴടങ്ങിയിരുന്നു. 1995 ഏപ്രില്‍ 13നാണ് ഓട്ടോ ഡ്രൈവറായ മനാഫ് കൊല്ലപ്പെട്ടത്.
മാരകായുധങ്ങളുമായി എത്തിയ സംഘം അബ്മുല്‍ മനാഫിന്റെ വീടു കയറി ആക്രമിക്കുകയും തുടര്‍ന്ന് ഒതായി അങ്ങാടിയിലെത്തി മനാഫിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മനാഫിന്റെ പിതാവ് ആലിക്കുട്ടിയുടെ കണ്‍മുന്നില്‍ വച്ചായിരുന്നു കൊലപാതകം.