നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച മുഖ്യപ്രതി മുങ്ങി

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച മുഖ്യപ്രതി മുങ്ങി. തൃശൂർ സ്വദേശിയായ അൻവർ അലിയാണ് നടിയെ ഭീഷണിപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയും ആസൂത്രകനും ഇയാൾ തന്നെയാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. മറ്റു പ്രതികൾക്ക് ഉപയോഗിക്കാനുള്ള വ്യാജ സിമ്മുകൾ തരപ്പെടുത്തിയതും ഇയാളാണ്.

അൻവർ അലി അടക്കം മൂന്നു പേർ കൂടി പോലീസിൻ്റെ പിടിയിലാകാനുണ്ട്. പ്രതികൾ എല്ലാവരും തൃശൂർ സ്വദേശികളാണ്. ഇവരുടെ നമ്പറുകൾ ഓഫായ നിലയിലാണ്. കാസർഗോഡ് ഉള്ള സുമുഖനായ ടിക് ടോക് താരം എന്ന പേരിൽ പരിചയപ്പെടുത്തിയ ശേഷമാണ് തട്ടിപ്പ് സംഘം വിവാഹാലോചനയുമായി ഷംനയുടെ വീട്ടിലെത്തിയത്. പെണ്ണുകാണാനെത്തിയവരുടെ കൂട്ടത്തിൽ വരൻ ഉണ്ടായതുമില്ല. തുടക്കം മുതൽ ഒടുക്കം വരെ ആസൂത്രിതമായ നീക്കമാണ് തട്ടിപ്പ് സംഘം നടത്തിയത്.

പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങളുമായി നടി ഷംന കാസിം രംഗത്തെത്തി. പ്രതികള്‍ ആദ്യം സംസാരിച്ചത് എല്ലാവരെയും വിശ്വസിപ്പിക്കുന്ന രീതിയില്‍. കുടുംബാംഗങ്ങളുമായി പ്രതികള്‍ നല്ല രീതിയിലാണ് സംസാരിച്ചത്. എന്നാല്‍ പൈസ ചോദിച്ചപ്പോള്‍ സംശയം തോന്നി. കൂടാതെ വീട് സന്ദര്‍ശിക്കാന്‍ വന്നതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടത്. പ്രതികള്‍ വീടിന്‍റെ ഫോട്ടോയും വീഡിയോയും എടുത്തത് അതിലൂടെയാണ് മനസിലായത്. പ്രതികളുടെ ഭീഷണി സന്ദേശമുള്ള വോയിസ് റെക്കോര്‍ഡുകള്‍ എല്ലാം പൊലീസിന് മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഷംന പറഞ്ഞു. കുടുംബത്തിന്‍റെ പിന്തുണ തനിക്കുണ്ട്, എന്നാല്‍ എല്ലാ പെണ്‍കുട്ടികളുടെയും അവസ്ഥ അങ്ങനെയല്ല. അതുകൊണ്ടാണ് കേസ് കൊടുക്കാമെന്ന് വിചാരിച്ചത്. ഇനിയൊരു പെണ്‍കുട്ടിക്കും കുടുംബത്തിനും ഇതുപോലെരു അനുഭവം ഉണ്ടാകാന്‍ പാടില്ലെന്നും ഷനം പറഞ്ഞു.

അതേസമയം ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച നാലുപേര്‍ പിടിയിലായി. തൃശൂര്‍ സ്വദേശികളായ നാലുപേരാണ് അറസ്റ്റിലായത്. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് പിടിയിലായത്. മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയിൽ പകർത്തിയ ശേഷം പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.