വിവാഹത്തിനായി സംസ്ഥാനത്തേക്ക് വരുന്നവരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: വിവാഹത്തിനായി സംസ്ഥാനത്തേക്ക് വരുന്നവർക്ക് പുതിയ മാർ​ഗ്ഗനിർദ്ദേശം പുറത്തിറക്കി. വിവാഹത്തിനായി വരുന്നവരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. വധൂവരന്മാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ് നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വധൂവരന്മാർക്കൊപ്പം അഞ്ച് സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ വരാം. വിവാഹ കാർഡ് ജാഗ്രതാ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ഒരാഴ്ച കഴിഞ്ഞ് തിരികെ പോകുന്നവർക്കാണ് ഇളവ്.

നേരത്തെ, സംസ്ഥാനത്തേക്ക് എത്തുന്നവർ ഏഴ് ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന നിബന്ധനയിൽ നിന്ന്, കേസുകൾക്കോ മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കോ സംസ്ഥാനത്തേക്ക് അടിയന്തരമായി വരുന്നവരെ ഒഴിവാക്കിയിരുന്നു. ഈ പട്ടികയിലാണ് ഇപ്പോൾ വിവാഹ പാർട്ടികളെയും പെടുത്തിയിരിക്കുന്നത്.

വിവിധ ആവശ്യങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് നേരത്തെ ക്വാറന്റൈനില്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. ബിസിനസ്, ഔദ്യോഗിക, വ്യാപാര, ചികിത്സാ, കോടതി, വസ്തു വ്യവഹാരം പോലുള്ള ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കാണ് ഇളവുകള്‍. ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍, പെയ്ഡ് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും.

കൊറോണയുടെ പശ്ചാത്തലത്തില്‍ ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്ക് പോകുന്നവര്‍ ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്. എന്നാല്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നത് പ്രായോഗികമല്ലാത്തതിനാലാണ് ഇളവ് അനുവദിക്കുന്നത്. ഇവര്‍ കൊറോണ ജാഗ്രതാ പോര്‍ട്ടലില്‍ നിന്നും പാസെടുക്കണം. ഹ്രസ്വ സന്ദര്‍ശനത്തിന് എത്തുന്നവര്‍ എട്ടാം ദിവസം സംസ്ഥാനം വിടണം. സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി 14 ദിവസത്തിനകം കൊറോണ ബാധിച്ചാല്‍ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണം.