പ്രവാസികൾക്ക് പി.പി.ഇ കിറ്റ്: സർക്കാരിന്റേത് വൈകി വന്ന വിവേകമെന്ന് ബെന്നി ബഹനാൻ

കൊച്ചി: മടങ്ങി വരുന്ന പ്രവാസികൾക്ക് പി.പി.ഇ കിറ്റ് മതിയെന്ന മന്ത്രിസഭാ തീരുമാനം വൈകി വന്ന വിവേകമെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി. ഈ തീരുമാനം നേരത്തെ എടുത്തിരുന്നെങ്കിൽ എത്രയോ പ്രവാസികളുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു. നിരവധിപേർക്ക് ചികിത്സ നൽകി രോഗം ഭേദമാക്കാമായിരുന്നു. പിണറായി വിജയൻറെ ദുർവാശിയാണ് പ്രശ്നം ഇത്രയും വഷളാക്കിയതെന്നും ബെന്നി ബഹനാൻ ആരോപിച്ചു. സർക്കാരിന്റെ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടപ്പോൾ മുഖം രക്ഷിക്കാൻ വേണ്ടിയാണ് പി പി ഇ കിറ്റ് മതിയെന്ന തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

മരണസംഖ്യ കൂടുന്ന സമയത്തും പ്രവാസികളുടെ മടങ്ങിവരവ് തടസ്സപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചത്. പി പി ഇ കിറ്റിന്റെ ലഭ്യത സർക്കാർ ഉറപ്പാക്കണം. ഇതിന്റെ ചെലവ് പ്രവാസികൾക്ക് താങ്ങാൻ കഴിയുമോ എന്നും പരിശോധിക്കണം. പ്രവാസികളെ മടക്കി കൊണ്ടുവരാൻ പ്രായോഗികമായ സമീപനമാണ് സർക്കാർ സ്വീകരിക്കേണ്ടത്. അതിഥി തൊഴിലാളികൾക്ക് നൽകിയ പരിഗണന പോലും സർക്കാർ പ്രവാസികളോട് കാണിക്കുന്നില്ല.

പ്രവാസികളുടെ മരണസംഖ്യ വർധിക്കുന്നതിന് ഉത്തരവാദി മുഖ്യമന്ത്രിയും സംസ്‌ഥാന സർക്കാരുമാണെന്ന് യു ഡി എഫ് കൺവീനർ കുറ്റപ്പെടുത്തി.