തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും ഇനിയും തുടരുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊറോണ പ്രതിരോധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയം കലര്‍ത്തുന്നെന്നും അദ്ദേഹം ആരോപിച്ചു.
സ്ഥാനമാനങ്ങള്‍ തന്റെ വിഷമയല്ലെന്നും കോണ്‍ഗ്രസിന് നേതൃ ദാരിദ്ര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ പാര്‍ട്ടി ആകുമ്പോള്‍ ആ പാര്‍ട്ടിയില്‍ ഒരുപാട് ചര്‍ച്ചകളും മറ്റും ഉണ്ടാകും, അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
പ്രവാസികളെയും നാട്ടുകാരെയും രണ്ടുതട്ടിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രവാസികളെ കൊണ്ടുവരുന്നതില്‍ നാട്ടുകാരില്‍ എതിര്‍പ്പ് സൃഷ്ടിക്കുകയാണ്. രോഗ വ്യാപനത്തെക്കുറിച്ച് ഭീതി സൃഷ്ടിക്കുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രവാസികളെ സമയബന്ധിതമായി നാട്ടിലെത്തിക്കണം. പല സ്ഥലങ്ങളിലും നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു ഇവരെ തിരിച്ചു കൊണ്ടുവരണം. പ്രവാസികള്‍ വിദേശ രാജ്യങ്ങളില്‍ ശ്വാസം മുട്ടിമരിക്കണം എന്നാണോ സര്‍ക്കാര്‍ നിലപാടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ പോലും പ്രവാസികള്‍ക്ക് നല്‍കിയിട്ടില്ല. ക്വാറന്റൈന്‍ സൗകര്യമില്ലാതെ നട്ടം തിരിയുകയാണ്. ഇതൊന്നും കേള്‍ക്കാത്ത തരത്തിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ന്യായമായ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
പ്രവാസികള്‍ക്കായുള്ള കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നടപ്പാക്കുന്നത് നീട്ടിവയ്ക്കണം. ഗള്‍ഫ് രാജ്യങ്ങളില്‍ ടെസ്റ്റിനുള്ള വേണ്ടത്ര സൗകര്യമില്ല. പല ആളുകള്‍ക്കും ടെസ്റ്റ് നടത്താനുള്ള സാമ്പത്തികമില്ല. മനുഷ്യസാധ്യമല്ലാത്ത വ്യവസ്ഥകള്‍ വെച്ച് മനുഷ്യനെ തടയുന്നത് മനുഷ്യത്വമല്ല.
രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്ന് കൊണ്ടുവന്ന മൂന്നുപേരില്‍ നിന്ന് ആര്‍ക്കും രോഗം പകര്‍ന്നില്ല. അതുപോലെ ജാഗ്രത പുലര്‍ത്തിയാല്‍ രോഗവ്യാപനം തടയാന്‍ സാധിക്കും. രോഗം ഇത്രയും വ്യാപിക്കന്നതിന് മുന്‍പ് ആളകളെ കൊണ്ടുവന്നെങ്കില്‍ ഈ സ്ഥിതിവിശേഷമുണ്ടാകില്ലായിരുന്നു. ആ ഗോള്‍ഡണ്‍ ഡെയ്‌സ് നമുക്ക് നഷ്ടപ്പെട്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.