പിതാവിന്റെ മർദ്ദനത്തിന് ഇരയായ പിഞ്ചു കുഞ്ഞിന് അടിയന്തിര ശസ്ത്രക്രിയ

കോലഞ്ചേരി: പിതാവിന്റെ ക്രൂരമർദ്ദനത്തിനു ഇരയായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പെൺകുഞ്ഞിന്റെ ശസ്ത്രക്രിയ തുടങ്ങി. രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന ശസ്ത്രക്രിയ രാവിലെ ഒൻപത് മണിയോടെയാണ് ആരംഭിച്ചത്. ആശുപത്രിയിലെ സീനിയർ കൺസൾട്ടൻറും ന്യൂറോ സർജനുമായ ഡോക്ടർ ജെയ്നിൻ്റെ നേതൃത്വത്തിലാണ് അതിസങ്കീർണ്ണമായ ശസ്ത്രക്രിയ നടക്കുന്നത്.

കുട്ടിയുടെ തലയ്ക്കേറ്റ മർദ്ദനത്തിൽ ആന്തരീക രക്തസ്രാവം ഉണ്ടായതിനാൽ കുട്ടിയുടെ പ്രതികരണങ്ങൾ സാധാരണഗതിയിലല്ല. ഇപ്പോഴും അബോധാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടിയുടെ ഹൃദയമിടിപ്പ് ഇപ്പോഴും സാധാരണ നിലയിൽ ആയിട്ടില്ല. അതിനാലാണ് ബർഹോൾ ആൻറ് എസ്ഡിഎച്ച് ഇവാക്കുവേഷൻ എന്ന അതിസങ്കീർണ്ണ ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വിധേയമാക്കുന്നത്. തലച്ചോറിനകത്ത് കെട്ടിക്കിടക്കുന്ന രക്തസ്രവം ചെറിയ പൈപ്പ് വഴി പുറത്തു കളയുന്ന രീതിയാണിത്. കുട്ടിയുടെ ജീവൻ നിലനിർത്തുവാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുള്ളതായി മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം അറിയിച്ചു.