മല്ലപ്പള്ളിക്കും പ്രതിപക്ഷത്തിനുമെതിരേ ആഞ്ഞടിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയെ ‘നിപ്പ രാജകുമാരി, കോവിഡ് റാണി’ എന്നു പരിഹസിച്ച കെപിസിസി പ്രസിഡൻറ് മുലപ്പള്ളി രാമചന്ദ്രനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

കോണ്‍ഗ്രസ് നേതാക്കളുടെ ഇത്തരം ചെയ്തികളെ കുറിച്ച് രാഷ്ട്രീയ വിരോധം വെച്ച് പറയുന്നതല്ല. കൊറോണ പ്രതിരോധത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആരോഗ്യ മന്ത്രിയെ കുറിച്ച് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ചില നേതാക്കള്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ എന്തൊക്കെയാണ്? എന്താണ് അതിന്‍റെ പ്രകോപനം? തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം നിറവേറ്റുന്നതിന്‍റെ ഭാഗമായാണ് ആരോഗ്യമന്ത്രി പ്രവര്‍ത്തിച്ചത്. അതിന് അവരെ വേട്ടയാടാന്‍ ശ്രമിക്കുകയല്ലേ? പൊതു സമൂഹം ഇതൊന്നും അംഗീകരിക്കാന്‍ പോകുന്നില്ല.

മന്ത്രിയെ മ്ലേച്ഛമായി അധിക്ഷേപിക്കുമ്പോള്‍ സ്വഭാവികമായും ആദ്യം പ്രതികരണം ഉണ്ടാകുന്നത് നിപ പ്രതിരോധത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ച ലിനിയുടെ കുടുംബത്തില്‍ നിന്ന് തന്നെ ആകും. ആ കുടുംബത്തിനെതിരെ സമരം നടത്തുന്നത്തിലേക്ക് അധഃപതിച്ച കോണ്‍ഗ്രസ് എന്ത് പ്രതിപക്ഷ ധര്‍മ്മമാണ് നിറവേറ്റുന്നത്? അതിന്‍റെ പേരില്‍ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ് ശ്രമമെങ്കില്‍ അത് ഒരു രീതിയിലും അനുവദിക്കില്ല. സിസ്റ്റര്‍ ലിനി കേരളത്തിന്‍റെ സ്വത്താണ്. ആ കുടുംബത്തോടും ആ കുഞ്ഞുമക്കളോടും സജീഷിനും ഒപ്പമാണ് കേരളം. അവര്‍ക്ക് എല്ലാ സുരക്ഷിതത്വവും നല്‍കുമെന്ന് പിണറായി പറഞ്ഞു.  

സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി കെപിസിസി പ്രസിഡന്‍റ് മാറുകയാണ്. സിസ്റ്റര്‍ ലിനിയുടെ പേരുപോലും അദ്ദേഹത്തിന് നേരേ ചൊവ്വേ പറയാന്‍ പറ്റുന്നില്ല. കേരളത്തെക്കുറിച്ച് ലോകം നല്ലതു പറയുന്നത് തന്നെ ക്ഷോഭിപ്പിക്കുന്നുവെന്ന് പറയുന്നെങ്കില്‍, എത്രമാത്രം അധഃപതിച്ച മനസ്സായിരിക്കണം അത്?.  

ശൈലജക്കെതിരെയുള്ള ആക്രോശം പ്രത്യേകമായ മനോനിലയുടെ പ്രതിഫലനമാണ്. അത് സ്ത്രീവിരുദ്ധവുമാണ്. സ്ത്രീകളെ നിങ്ങള്‍ ഇങ്ങനെയാണോ കാണുന്നത്? ഇങ്ങനെയൊക്കെ പറഞ്ഞാലേ അണികളുടെ കൈയടിയും വാര്‍ത്താ പ്രാധാന്യവും ലഭിക്കൂ എന്ന് തോന്നുന്ന പരിതാപകരമായ അവസ്ഥയില്‍ കെപിസിസിയുടെ അധ്യക്ഷന്‍ വീണുപോയതില്‍ ഖേദമുണ്ട്.

ലോകമാകെ ശ്രദ്ധിക്കുന്ന വിധത്തിലാണ് നമ്മള്‍ നിപ മുതല്‍ കൊറോണ വരെയുള്ളവയെ ചെറുത്തുനിന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ചെറുത്തുകൊണ്ടിരിക്കുന്നതും. പ്രതിരോധ മരുന്നുപോലും ലോകത്തെങ്ങും ഫലപ്രദമായി വികസിപ്പിച്ചിട്ടില്ലായിരുന്നിട്ടു കൂടി നമ്മള്‍ ലോകം ശ്രദ്ധിക്കും വിധം  രോഗബാധയെ നിയന്ത്രിച്ചുനിര്‍ത്തി. ഇതു സാധിച്ച കേരളത്തെ അധിക്ഷേപിക്കുകയാണ് കെപിസിസി പ്രസിഡന്‍റ്. രാഷ്ട്രീയ തിമിരം ബാധിച്ച് യാഥാര്‍ത്ഥ്യം കാണാന്‍ കഴിയാതെപോയ ഒരു മനസ്സിന്‍റെ ജല്‍പനം എന്ന നിലയ്ക്ക് അവഗണിക്കാനാവുന്നതല്ല ഇത്. രോഗപ്രതിരോധത്തെ പരാജയപ്പെടുത്താന്‍ പല വഴിക്കു ശ്രമിച്ചവര്‍ പ്രതിരോധത്തിനു നേതൃത്വം നല്‍കിയവരെ അധിക്ഷേപിക്കുന്നതിന്‍റെ രാഷ്ട്രീയ മനഃശാസ്ത്രം ജനങ്ങള്‍ പരിശോധിക്കണമെന്നു മാത്രമേ അഭ്യര്‍ത്ഥിക്കാനുള്ളൂ.

മഹാദുരന്തങ്ങള്‍ വരുമ്പോള്‍ മറ്റെല്ലാം മറന്ന് ഒരുമിക്കുകയാണ് മനുഷ്യത്വമുള്ളവര്‍ ചെയ്യുക. ഈ പൊതുതത്വത്തിന് അപമാനമാണു കേരളം എന്ന പ്രതീതി ലോകസമൂഹത്തിനു മുന്നില്‍ ഉളവാക്കുന്നതാണ് കെപിസിസി പ്രസിഡന്‍റിന്‍റെ അധിക്ഷേപം. ഇത് ആ തരത്തിലാണ് കേരളത്തിനാകെ അപമാനകരമാവുന്നത്. ലോകസമൂഹത്തില്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്തലാണിത്.

ദൗര്‍ഭാഗ്യവശാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടുകളെ തുരങ്കം വെക്കാനുള്ള നിരന്തര ശ്രമങ്ങളാണ് പ്രതിപക്ഷത്തില്‍ നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി മലയാളികളെ കൊണ്ടുവരുന്ന ഈ ഘട്ടത്തില്‍, രോഗമുള്ളവരും ഇല്ലാത്തവരും ഇടകലര്‍ന്ന് ഒരു വിമാനത്തില്‍ വരുന്നത് ഒഴിവാക്കാന്‍ അവിടെ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പറഞ്ഞു. അപ്പോള്‍ അതിനെയും എതിര്‍ത്തു. രോഗമുള്ളവരും രോഗമില്ലാത്തവരും ഇടകലര്‍ന്ന് ഒരേ വിമാനത്തില്‍ വരുന്ന സംവിധാനമുണ്ടാക്കാനും അങ്ങനെ രോഗം പടരുന്ന സാഹചര്യമുണ്ടാക്കാനും എന്തിനാണു പ്രതിപക്ഷം വ്യഗ്രതപ്പെട്ടതെന്ന് പിണറായി ചോദിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന നമ്മുടെ സഹോദരങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പാസ് ഏര്‍പ്പെടുത്തിയപ്പോള്‍ ഇവര്‍ നടത്തിയ കാട്ടിക്കൂട്ടലുകള്‍ എന്തൊക്കെയായിരുന്നു? വാളയാറില്‍ പാസ്സില്ലാത്തവരെ എത്തിച്ച് പരിശോധനപോലും ഇല്ലാതെ കേരളത്തിലേക്ക് കടത്തിവിടാനായി ശ്രമം. ഇവരുടെ ചെയ്തികളുടെ ഭാഗമായി നിരപരാധികളായ നൂറു കണക്കിനു പേര്‍ രോഗവ്യാപന ഭീഷണിയില്‍ കഴിയേണ്ടി വന്നില്ലേ?

കൊറോണ പ്രതിരോധ സിസ്റ്റത്തിന്‍റെ പ്രധാന ഭാഗമായ ഒരു മന്ത്രിയെ അധിക്ഷേപിക്കുന്നത് ആ സിസ്റ്റത്തെ തകര്‍ക്കാനുള്ള ശ്രമമാണ്. അവരെ ഒറ്റതിരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളെയാകെ താളം തെറ്റിക്കാനാകുമോ എന്നാണ് ശ്രമം. ഒന്നേ പറയാനുള്ളൂ, ജനങ്ങളുടെ ജീവന്‍ വച്ച് രാഷ്ട്രീയം കളിക്കരുത്. ഈ മഹാമാരിയില്‍ നിന്നും ജനങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നതിനാണ് നമ്മള്‍ പ്രാമുഖ്യം നല്‍കുന്നത്. ജനങ്ങളുടെ ജീവനാണ് പ്രധാനം.

സംസ്ഥാന സര്‍ക്കാരിനെ അധിക്ഷേപിക്കാനല്ലാതെ, അര്‍ഹതപ്പെട്ട സഹായം കേരളത്തിന് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ഒരു പ്രസ്താവനയിലൂടെയെങ്കിലും ആവശ്യപ്പെടാതിരിക്കാന്‍ പ്രതിപക്ഷം പ്രത്യേക ശ്രദ്ധ വെച്ചു എന്നു വേണം പറയാന്‍.

പ്രതിപക്ഷം സത്യത്തില്‍ ആരുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്? എടുത്ത നിലപാടുകളൊക്കെ നാടിന്‍റെയും നാട്ടുകാരുടെയും താല്‍പര്യങ്ങളെ ബലികൊടുക്കുന്ന തരത്തിലുള്ളതായിരുന്നില്ലേ?. അവർ ഉന്നയിച്ച ആവശ്യങ്ങളൊക്കെ അബദ്ധങ്ങളായില്ലേ? ആ പറഞ്ഞത് സര്‍ക്കാര്‍ അനുസരിച്ചിരുന്നെങ്കില്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാവുമായിരുന്നു എന്നു ജനങ്ങള്‍ തിരിച്ചറിയുന്ന നിലയായില്ലേ? പിണറായി ചോദിച്ചു.