ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പോലെ മദ്യഷാപ്പുകളും ; സർക്കാരിൻ്റെ പൊള്ളത്തരം മറനീക്കി

തിരുവനന്തപുരം: നാളെ ഞായറാഴ്ചത്തെ ഇളവ് മദ്യഷാപ്പുകൾക്കും. ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പോലെ പ്രധാനമാണ് സർക്കാരിന് മദ്യഷാപ്പുകളുമെന്ന് വ്യക്തമാക്കുന്ന പ്രഖ്യാപനമാണിത്. യാത്രകൾക്കല്ലാതെ മറ്റൊന്നിനും ഇതുവരെ ഇളവ് നൽകാതിരിക്കയാണ് മദ്യഷാപ്പുകൾക്ക് ഇളവു നൽകിയതിലൂടെ സർക്കാർ നയത്തിൻ്റെ പൊള്ളത്തരം പ്രകടമായത്.

സംസ്ഥാനത്തെ ബെവ്കോ-കൺസ്യൂമ‍ർഫെഡ് മദ്യവിൽപനശാലകളും, സ്വകാര്യ ബാറുകളും, കള്ളുഷാപ്പുകളും നാളെ പതിവ് പോലെ തുറന്നു പ്രവ‍ർത്തിക്കുമെന്നാണ് എക്സൈസ് അറിയിപ്പ്.

ഞായറാഴ്ച ദിവസങ്ങളിലെ സമ്പൂർണ ലോക്ക് ഡൗൺ നാളെ ബാധകമല്ലാത്ത സാഹചര്യത്തിലാണ് മദ്യവിൽപനശാലകളും കള്ളുഷാപ്പുകളും തുറന്നു പ്രവർത്തിക്കുന്നതിന് എക്സൈസ് അനുമതി നൽകിയത്.

നിരവധി പ്രവേശന പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ചയിലെ സമ്പൂ‍ർണ ലോക്ക് ഡൗണിന് നാളെ ഇളവ് നൽകാൻ സംസ്ഥാന സ‍ർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംസ്ഥാനത്ത് ഞായർ ലോക്ഡൗണിൽ ആദ്യമായി ഇളവ് നൽകിയത്. ആരാധനാലയങ്ങളിൽ പോകുന്നവർക്കും പരീക്ഷ എഴുതുന്നവർക്കും മാത്രമായിരുന്നു കഴിഞ്ഞ ആഴ്ചത്തെ ഇളവ്.