അറപ്പുഴയിൽ കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: അറപ്പുഴയിൽ കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒളവണ്ണ സ്വദേശിയായ ചെങ്ങരോത് സച്ചിദാനന്ദന്റെ മകൻ ശബരിനാഥ്‌ ആണ് മരിച്ചത്. 14 വയസായിരുന്നു. കിണാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ശബരീനാഥ്​. അറപ്പുഴ തട്ടാരക്കൽ പുനത്തിൽ മീത്തൽ ഷാജിയുടെ മകൻ ഹരിനന്ദി (13)നായി തെരച്ചിൽ തുടരുകയാണ്​. വ്യാഴാഴ്​ച വൈകുന്നേരം നാല്​ മണിയോടെയാണ്​ ഇരുവരേയും കാണാതായത്​.

ഷാജിയുടെ സഹോദരിയുടെ മകനാണ് ശബരീനാഥ്. കഴിഞ്ഞ ദിവസമാണ് അറപ്പുഴയിലെ വീട്ടിലെത്തിയത്. അടുത്ത വീട്ടിലേക്ക് പണം നൽകാൻ പറഞ്ഞയച്ച ഇരുവരും തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ തെരച്ചിൽ തുടങ്ങിയത്​. ചാലിയാറിന് സമീപം കുട്ടികളെ കണ്ടിരുന്നെന്ന നാട്ടുകാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ്​ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.